കണ്ടാൽ കുന്തിരിക്കം;പിടിക്കാതിരിക്കാൻ മുളകുപൊടി,തുമ്മൽ വന്നെങ്കിലും ഷംന കണ്ടെത്തിയത് 3 കിലോഗ്രാം മയക്കുമരുന്ന് !
കൊച്ചി: കൊടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയ സ്വദേശി അഷറഫ് മെട്ടോറോ സാഫി ,ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് കേരളത്തിലേക്കെത്തിയത് . ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ നടത്തുന്നു എന്നു കാട്ടിയാണ് ഇയാള്‍ മെഡിക്കല്‍ വിസ തരപ്പെടുത്തിയത്.
ജൂണ്‍ 19-ന് കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹെറോയിനുമായി പിടിയിലായ സിംബാബ്വെ സ്വദേശിനി ഷാരോണ്‍ ചിഗ്വാസയും മെഡിക്കല്‍ വിസയിലാണ് വന്നത്. ചികിത്സയ്ക്കായി എന്ന വ്യാജേനയാണ് അവരും ഹെറോയിനുമായി എത്തിയത്. ദക്ഷിണാഫ്രിക്കന്‍ സംഘമാണ് മയക്കുമരുന്ന് കടത്തലിനു പിന്നിലെന്നാണ് വിവരം .അന്ന് തന്നെ സിംബാബ്വെസ്വദേശിനിയുടെ കൂടെ മറ്റു രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു.
ഈ സംഘം ഡല്‍ഹിക്ക് കടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . ഷംന എന്ന നായയാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിച്ച 28 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്ന് മണംപിടിച്ച് തിരിച്ചറിഞ്ഞത്.
ശ്വാനസേന മണംപിടിച്ച് തിരിച്ചറിയാതിരിക്കാന്‍ കള്ളക്കടത്ത് സംഘം ബാഗേജില്‍ മുളകുപൊടി വിതറിയിരുന്നു. എന്നാല്‍ കള്ളക്കടത്ത് സംഘത്തിന്റെ ചെപ്പടിവിദ്യ ഷംനയുടെ മുന്നില്‍ നടപ്പായില്ല .ലഹരിമരുന്ന് കടത്തിയ സംഘം മുളകുപൊടി വിതറിയിരുന്നതിനാല്‍ ഷംനയ്ക്ക് തുമ്മല്‍ വന്നെങ്കിലും പിടിവിടാന്‍ തയ്യാറായില്ല. ബാഗേജിലുള്ള പാക്കറ്റുകളില്‍ മയക്കുമരുന്നുണ്ടെന്ന് ഷംന സൂചനയും നല്‍കി.
കസ്റ്റംസ് വിഭാഗത്തിന്റെ നാലംഗ ശ്വാനസേനയിലെ അംഗമാണ് ഷംന എന്ന നായ . ഈ ശ്വാനസേനയെ ആണ് ഡി.ആര്‍.ഐ. ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ മയക്കുമരുന്ന് മണം പിടിച്ച് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ നായകളാണ് സംഘത്തിലുള്ളത്. കൊച്ചി വിമാനത്താവളത്തിലാണ് ഈ ശ്വാന സംഘത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത് .