അനുഷ്കയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന കൊഹ്‌ലി; മകൾക്ക് രണ്ടു മാസം പ്രായമായത്തിന്റെ സന്തോഷം പങ്കുവെച്ച് താരം

നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും നടി അനുഷ്ക ശർമ്മയും വിവാഹിതരായത്. ഇരുവരുടെയും ജീവിതത്തിലേക്ക് അടുത്തിടെ പുതിയൊരു അതിഥി കൂടി എത്തി. താരദമ്പതികളുടെ മകൾ വാമിക. ജനുവരി 11 നാണ് കോഹ്‌ലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്.
കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ഫൊട്ടോയാണ് ആരാധകരുടെ ഹൃദയം കവരുന്നത്. അനുഷ്കയ്ക്ക് ഒപ്പമുള്ളൊരു റൊമാന്റിക് ഫൊട്ടോയാണ് കോഹ്‌ലി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അനുഷ്കയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വയ്ക്കുന്ന കോഹ്‌ലിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. മകൾ വാമികയ്ക്ക് രണ്ടു മാസം പ്രായമായ തിന്റെ സന്തോഷവേളയിലാണ് കോഹ്‌ലി ഫൊട്ടോ പങ്കുവച്ചത്.
മാർച്ച് 11 നാണ് കുഞ്ഞു വാമികയ്ക്ക് രണ്ടു മാസം പ്രായമായത്. കേക്ക് മുറിച്ചാണ് മകൾക്ക് രണ്ടും മാസം പൂർത്തിയായത് കോഹ്‌ലിയും അനുഷ്കയും ആഘോഷിച്ചത്. റെയിൻ ബോ കേക്കിന്റെ ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. സന്തോഷകരമായ രണ്ടു മാസമെന്നും അനുഷ്ക ഫൊട്ടോയ്ക്കൊപ്പം കുറിച്ചു.
2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. വിരാട് കോഹ്‌ലിയെ വിവാഹം ചെയ്യുമ്പോൾ നടി അനുഷ്ക ശർമ്മയ്ക്ക് പ്രായം 29. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് അനുഷ്ക വിവാഹിതയായത്. പല നടികളും ഈ സമയം വിവാഹിതയാകാൻ മടിക്കുമ്പോൾ അനുഷ്കയെ പ്രേരിപ്പിച്ചത് എന്താണെന്ന് താരം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
“പ്രേക്ഷകർക്ക് അഭിനേതാക്കളെ സ്ക്രീനിൽ കാണാൻ മാത്രമാണ് താൽപര്യം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ, നിങ്ങൾ വിവാഹിതയാണെന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു അമ്മയാണെന്നോ അവർ ശ്രദ്ധിക്കുന്നില്ല. ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു അനുഷ്ക വിവാഹിതയായതിനെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്.