ആര്യന്‍ ഖാന്റെ അറസ്റ്റ്: അന്വേഷണത്തില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്
മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത കേസില്‍ നിത്യേനയെന്നോണം വഴിത്തിരിവ്. കേസിലെ സാക്ഷി വിജയ് പഗാരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് കേസില്‍ വന്‍ ട്വിസ്റ്റാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ക്രൂയിസ് കപ്പലില്‍ നടന്ന റെയ്ഡ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വിജയ് പഗാരെ പറയുന്നത്.
പണം സമ്പാദിക്കുന്നതിന് വേണ്ടി ഷാരൂഖിന്റെ മകന്‍ ആര്യനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് നല്‍കാനുള്ള പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനില്‍ പാട്ടീലിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നും അതിനാല്‍ ആര്യന്‍ ഖാനെ കൊള്ളയടിക്കുന്നതിനും ഫ്രെയിം ചെയ്യുന്നതിനും സാക്ഷിയായിട്ടുണ്ടെന്നും വിജയ് പഗാരെ അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുനില്‍ പാട്ടീലിനെതിരെ ആരോപണവപമായി മഹാരാഷ്ട്ര ബിജെപി നേതാവ് മോഹിത് കാംബോജ് രംഗത്തെത്തിയിരുന്നു.
സുനില്‍ പാട്ടീലിന് എന്‍സിപി നേതാക്കളുമായി ബന്ധമുണ്ടെന്നാണ് കാംബോജ് ആരോപിച്ചത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച മുംബൈ പോലീസ് എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍ സാക്ഷി വിജയ് പഗാരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സുനില്‍ പാട്ടീലില്‍ നിന്ന് ഒരു നിശ്ചിത തുക തിരിച്ചുപിടിക്കേണ്ടതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ക്കൊപ്പമായിരുന്നു വിജയ് താമസം.
മോഹിത് കാംബോജ് പറയുന്നതനുസരിച്ച് സുനില്‍ പാട്ടീല്‍ എന്‍സിപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. കേസില്‍ പണം തട്ടാനുള്ള ശ്രമം നടന്നെന്ന ആരോപണത്തില്‍ ഇയാളുടെ പേരും ഉയര്‍ന്നിരുന്നു. 2018ല്‍ ചില ജോലികള്‍ക്കായി പഗാരെ സുനില്‍ പാട്ടീലിന് പണം നല്‍കിയിരുന്നു. എന്നാല്‍ അയാള്‍ ആ ജോലി ചെയ്തില്ലെന്നു മാത്രമല്ല പണം തിരികെ നല്‍കിയതുമില്ല എന്ന് പഗാരെ പറയുന്നു. ആ പണം തിരിച്ചുപിടിക്കാന്‍ സുനില്‍ പാട്ടീലിനൊപ്പം നിഴല്‍പോലെ പഗാരെയുമുണ്ട്.
ആര്യന്‍ ഖാന്‍ കേസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സുനില്‍ പാട്ടീലിന്റെ പേര് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇയാള്‍ പണം തട്ടിപ്പിന്റെ സൂത്രധാരനാണെന്നും, എന്‍സിബി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. മയക്കുമരുന്ന് വില്‍പ്പനക്കാരനുമായി വളരെ അടുപ്പം മുന്‍ മന്ത്രി അനില്‍ ദേശ്മുഖിന് ഉണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ളയാളാണ് ഈ മയക്കുമരുന്ന് വില്‍പനക്കാരന്‍. എന്‍സിപി ഈ വിഷയത്തില്‍ വിശദീകരണം നല്‍കണം. ആര്യന്‍ ഖാന്‍ കേസിന്റെ പിന്നണിയില്‍ കളിച്ചത് സുനില്‍ പാട്ടീലാണ്.
എന്‍സിപിയുമായി 20 വര്‍ഷത്തെ ബന്ധം ഇയാള്‍ക്കുണ്ട്. അനില്‍ ദേശ്മുഖിന്റെ മകന്‍ ഋഷികേശ് ദേശ്മുഖിന്റെ അടുത്ത സുഹൃത്താണ് പാട്ടീല്‍. 1999നും 2014നും ഇടയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ട്രാന്‍സ്ഫര്‍ കാര്യം നിയന്ത്രിക്കുന്ന റാക്കറ്റ് പാട്ടീലിനുണ്ടായിരുന്നുവെന്നും കാംബോജ് പറയുന്നു. ഒക്ടോബര്‍ ഒന്നിന് സുനില്‍ പാട്ടീല്‍ സാം ഡിസൂസയെ വിളിച്ചുവെന്നും എന്‍സിബിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുവെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി. എന്തായാലും അനുദിനം വരുന്ന വഴിത്തിരുവുകള്‍ കേസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.