ജീവനാണ് ഷാഫി സാര്‍,വോട്ടില്ലെന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞു;ലീലമ്മയെ കാണാന്‍ ഷാഫിയെത്തി
ജീവനുതുല്യം സ്‌നേഹിക്കുന്ന തങ്ങളുടെ ജനപ്രതിനിധി ഷാഫി പറമ്ബിലിന് വോട്ടുചെയ്യാന്‍ പോയതാണ് അറുപത്തിയഞ്ച് വയസുകാരിയായ ലീല. എന്നാല്‍ ബൂത്തിലെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന കാര്യം ലീല തിരിച്ചറിയുന്നത്. ഇക്കുറി തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധിക്കില്ലെന്ന് ഓര്‍ത്ത് മണപ്പുള്ളിക്കാവ് സ്‌ക്കൂളിലെ മരച്ചുവട്ടിലിരുന്ന് ലീല പൊട്ടിക്കരഞ്ഞു. പിന്നീട് നാടകീയ സംഭവങ്ങളാണ് സ്‌ക്കൂള്‍ മുറ്റത്ത് അരങ്ങേറിയത്.
ലീലയുടെ ദുഖം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയപ്പോള്‍ തിരക്കിനിടയില്‍ നിന്നും ഷാഫി പറമ്ബില്‍ ലീലയെ കാണാന്‍ നേരിട്ടെത്തി. എത്രയും വേഗം ലീലയ്ക്ക് വോട്ടുചെയ്യാനുള്ള അവസരമുണ്ടാക്കുമെന്ന് ഷാഫി വാക്കുനല്‍കിയതോടെയാണ് മുത്തശ്ശിക്ക് ആശ്വാസമായത്.
ആദ്യപട്ടികയില്‍ പേരുണ്ടായിരുന്ന പലര്‍ക്കും അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോള്‍ വോട്ടില്ലാത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്ബില്‍ മാധ്യമങ്ങളോട് പരഞ്ഞു. ഇത്തരമൊരു കേസ് തന്നെയാകാം ലീലയുടേതും. അന്തിമപട്ടികയില്‍ ഒഴിവായതാണോ വോട്ട് മറ്റെവിടെയെങ്കിലും മാറിക്കിടപ്പുണ്ടോ എന്നെല്ലാം അടിയന്തരമായി പരിശോധിക്കുമെന്ന് ഷാഫി പറമ്ബില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെച്ചുതന്നെ ലീലയ്ക്ക് വാക്ക് നല്‍കുകയും ചെയ്തു.