ബെന്‍സ് കാര്‍ വാങ്ങാനെത്തിയ മലയാളിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു
ബെംഗളൂരു: ബെന്‍സ് കാര്‍ വാങ്ങാന്‍ ബെംഗളുരുവിലെത്തിയ മലയാളിയില്‍ നിന്ന് 20 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. കാര്‍ ബ്രോക്കറാണ് തിരുവനന്തപുരം സ്വദേശി ജെ. സുനില്‍ കുമാറില്‍ നിന്നും പണം തട്ടിയെടുത്തത്. നാട്ടില്‍ ബിസിനസ് നടത്തുന്ന സുനില്‍കുമാര്‍ ഈ മാസം ആറിനാണ് സെക്കന്‍ഡ് ഹാന്‍ഡ് മേഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങാന്‍ സുഹൃത്തിനൊപ്പം നഗരത്തിലെത്തിയത്.
നേരത്തെ കാര്‍ബ്രോക്കറെന്ന് പരിചയപ്പെടുത്തിയ രാജ്കുമാര്‍ എന്നയാളാണ് ഇവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. സുനില്‍കുമാര്‍ രാജ്കുമാറുമായി കോറമംഗലയിലെ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും 20 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഇതിനു ശേഷം കാറുമായി ഉടന്‍ തിരിച്ചെത്താമെന്ന് പറഞ്ഞ്് രാജ്കുമാര്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കു പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് മൊബൈലില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
സമീപ പ്രദേശങ്ങളില്‍ ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സുനില്‍കുമാറും സുഹൃത്തും ചേര്‍ന്ന് കോറമംഗല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കോറമംഗല പോലീസ് അറിയിച്ചു.
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പുകള്‍ തുടര്‍കഥയാവുകയാണ്്. വാഹനം വാങ്ങാന്‍ ഉപഭോക്താക്കളെത്തുമ്പോള്‍ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വില്‍ക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങളും നിരവധിയാണ്. വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്.