ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് യുവതി മരണത്തിന് മുൻപ് അമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശമയച്ചതായി വെളിപ്പെടുത്തൽ.
കാരുമാത്ര സ്വദേശിനിയായ ഫസീല (23) ആണ് മരിച്ചത്. ഇന്നലെ വീടിന്റെ ടെറസിൽ ഫസീല തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് നൗഫൽ (29) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെടുക്കാടത്ത്കുന്ന് സ്വദേശിയായ നൗഫൽ കാർഡ്ബോർഡ് കമ്പനിയിൽ ജോലി ചെയ്യുന്നു.
ഒന്നര വർഷം മുമ്പാണ് ഫസീലയും നൗഫലും വിവാഹിതരായത്. ഇരുവർക്കും പത്തുമാസം പ്രായമുള്ള ഒരു മകനുണ്ട്. രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭർത്താവ് മർദിക്കുമായിരുന്നുവെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ ഫസീല പറയുന്നു. ഫസീലയുടെ രണ്ടാമത്തെ ഗർഭധാരണം മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്തയോടെയാണ്.
“ഉമ്മാ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി. ക്രൂരമായി ഉപദ്രവിച്ചു. വേദന സഹിക്കാനായില്ല, ഞാൻ അവന്റെ കഴുത്തിന് പിടിച്ചു. നൗഫൽ നുണ പറഞ്ഞു, ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു. ഉമ്മാ, ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. അസ്സലാമു അലൈക്കും. എന്റെ കൈകൾ എല്ലാം നൗഫൽ പൊട്ടിച്ചു. എന്നാൽ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത്, ഇത് എന്റെ അപേക്ഷയാണ്.” സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
Tag: Pregnant woman found dead in Irinjalakuda; husband in custody