വീട്ടിലിരുന്നും കൈപ്പറ്റിയത് ലക്ഷങ്ങൾ; എ.സമ്പത്ത് കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മുൻ എം പി എ.സമ്പത്ത് കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കുകൾ പുറത്ത്. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡെൽഹി കേരള ഹൗസിൽ 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷം കൊണ്ട് കൈപ്പറ്റിയ ശമ്പളം 20 ലക്ഷത്തിലധികം. 2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തന്നെയായിരുന്നു. ഈ ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതവും സമ്പത്ത് ശമ്പളം കൈപ്പറ്റിയത്.
എൻ എസ് യു നേതാവ് വിനീത് തോമസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളിൽ എന്ത് ഇടപെടലാണ് സമ്പത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവൻസുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്ബത്ത് കൈപ്പറ്റിയ യാത്രാ അലവൻസ്.
ഫോൺ ചാർജ് ഇനത്തിൽ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തിൽ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സർക്കാർ നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സമ്പത്ത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചത്.