CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ബിനീഷിന് ക്‌ളീൻ ചീട്ടില്ല, സ്വർണ്ണക്കടത്തിലും ബന്ധം, എന്‍ഫോഴ്‌സ്‌മെന്റ് തന്ത്രപരമായി കോർത്തിണക്കിയ മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളുടെയും മുന്നിൽ ബിനീഷ് മൗനം ദീക്ഷിച്ചു. ചില ചോദ്യങ്ങൾക്ക് മറുപടി പറയും മുൻപ് പലതവണ വെള്ളം കുടിച്ചു.

തിരുവനന്തപുരം യു എ ഇ കോണ്സുലേറ്റിനറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണ്ണ കള്ളക്കടത്ത് സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍,ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ബിനീഷ് വ്യാജ കമ്പനികളുണ്ടാക്കി സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് കൂട്ടുനിന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയ ബിനീഷിനെ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തി 12 മണിക്കൂര്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വെള്ളം കുടിപ്പിച്ചത്. ബംഗളുരു ലഹരി റാക്കറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ നർക്കോട്ടിക് വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്.
നയതന്ത്ര സ്വർണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ. രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകൾ നിരത്തി ഇ.ഡി ചോദ്യങ്ങൾ തൊടുത്തത്. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നാണ് ബിനീഷ് പറ‌ഞ്ഞിരിക്കുന്നത്.
തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്സ് സൊലൂഷൻസിന്റെ ഡയറക്‌ടറായ അബ്ദുൾ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി ചോദിച്ചറിഞ്ഞിട്ടുണ്ട്. വിസ സ്‌റ്റാമ്പിംഗ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷൻ ലഭിച്ചതെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നതാണ്.

എന്‍ഫോഴ്‌സ്‌മെന്റ് തന്ത്രപരമായി കോർത്തിണക്കിയ മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളുടെയും മുന്നിൽ ബിനീഷ് മൗനം ദീക്ഷിച്ചു. ചില ചോദ്യങ്ങൾക്ക് മറുപടി പറയും മുൻപ് പലതവണ വെള്ളം കുടിച്ചു. ചോദ്യങ്ങൾക്കു നൽകിയ ഒട്ടേറെ വൈരുധ്യങ്ങളും, ദുരൂഹതകളും വ്യക്തമായിരുന്നു. ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന സൂചനയാണുള്ളത്. ബിനീഷിന്റെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യും. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജെ. ഗണേഷിന്റെ നേതൃത്വത്തില്‍ രാവിലെ 10 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി പത്തുവരെ നീണ്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ലഹരിക്കടത്തു കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തെളിവ് ലഭിച്ചിരുന്നതാണ്.

ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് ആറ് ലക്ഷം രൂപ നല്‍കി സഹായിച്ചിട്ടുണ്ടെന്നാണ് ലഹരിമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപിന്റെ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇവയുടെ രജിസ്ട്രേഷന്‍ കാൻസൽ ചെയ്തിരുന്നതാണ്. ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനങ്ങളാണെന്നാണ് അന്വേഷണ ഏജന്‍സികൾ സംശയിച്ചിരുന്നത്. അത് ശരിയെന്നു പറയുന്ന മൊഴികളാണ് ദുരൂഹത ഉള്ളതാണെങ്കിലും എൻഫോഴ്‌സ്‌മെന്റിനു ലഭിച്ചിരിക്കുന്നത്. ഈ കമ്പനികളെ പറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണങ്ങളും രേഖകളും തൃപ്തികരമല്ല. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല പണം സൂക്ഷിക്കല്‍, നികുതി വെട്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ബിനീഷ് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റിന് വ്യക്തമായിരിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍മുടക്ക് ഉണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ കെ.ടി. റമീസ് ബെംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും നാര്‍ക്കോട്ടിക്സ്നെ പോലെ എന്‍ഫോഴ്‌സ്‌മെണ്ടും സംശയിക്കുന്നു. സ്വര്‍ണക്കടത്ത് സംഘം, ഫണ്ട് കണ്ടെത്താന്‍ മുഹമ്മദ് അനൂപ് ഉള്‍പ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നതുമാണ്. കെ.ടി റമീസ് വഴിയായിരുന്നു മയക്കു മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത് എന്ന് ഒരു വശത്ത് കണ്ടെത്തപ്പെടുമ്പോൾ, മുഹമ്മദ് അനൂപുമായുള്ള ബന്ധത്തിന് പുറമെ സ്വർണ്ണ ക്കടത്ത് പ്രതികളുമായി ബിനീഷിനു അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് തേടിവരുന്നത്.

ബിനീഷ് നടത്തി വന്ന ബി ക്യാപിറ്റല്‍ എന്ന പണമിടപാട് സ്ഥാപനം മയക്കുമരുന്നു ഇടപാടിലെ പണം സൂക്ഷിക്കാൻ ഉണ്ടാക്കിയ കമ്പനി യാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പണം നല്‍കിയത് ഈ സ്ഥാപനം വഴിയാണെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കുന്നത്. സ്ഥാപനത്തില്‍ ധര്‍മടം സ്വദേശി അനസ് പ്രധാന പങ്കാളിയാണ്. നാര്‍ക്കോട്ടിക്സ് ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുന്നുണ്ട്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെയാണ് എന്‍ഫോഴ്സ്മെന്റ് ബുധനാഴ്ച ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകന്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയിരുന്നതാണ്. ബിനീഷ് സ്ഥലത്തില്ലെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞിരുന്നത്. അതേസമയം, ബിനീഷ് ഉള്ള സ്ഥലത്ത് എത്തി ചോദ്യം ചെയ്യാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട് എടുത്തതോടെയാണ് ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button