നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ നമ്മള് കൊടുക്കണോ ? സ്ത്രീകളോട് ബി.ജെ.പി എം.എല്‍.എ
ലഖ്നോ: നിങ്ങള്‍ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിനാണ് സര്‍ക്കാര്‍ വഹിക്കണമെന്ന് പറയുന്നതെന്ന ചോദ്യമുന്നയിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ. ഫീസിളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ വന്നുകണ്ട സ്ത്രീകളോടാണ് എം.എല്‍.എയുടെ മാന്യത വിട്ട പ്രതികരണം. ഉത്തര്‍ പ്രദേശിലെ ഔരയ്യ മണ്ഡലത്തിലെ രമേശ് ദിവാകര്‍ എം.എല്‍.എയാണ് വിവാദ പരാമര്‍ശം നടത്തിയത്.
ഞായറാഴ്ച നിയോജക മണ്ഡലത്തില്‍ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു വിവാദ സംഭവം . സ്വകാര്യ സ്കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ രമേശ് ദിവാകറെ സമീപിക്കുകയായിരുന്നു.
അപ്പോഴാണ് ‘നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ നമ്മള് കൊടുക്കണോ” എന്ന് ചോദിച്ചത്. തുടര്‍ന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി ‘എന്തിനാണ് സര്‍ക്കാര്‍ സ്കൂളുകള്‍? അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ? നിങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ നല്കുന്നില്ലേ. നിങ്ങള്‍ പണത്തിനും ശുപാര്‍ശക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു” -എന്നും എം.എല്‍.എ പരിഹസിച്ചു.
എം.എല്‍എയുടെ രൂക്ഷ പരിഹാസം പരിധി വിട്ടപ്പോള്‍ കൂട്ടത്തിലൊരു സ്ത്രീ ‘ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന്’ എം.എല്‍.എയോട് പ്രതികരിച്ചതായും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിഷയത്തെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി വക്താവ് സമീര്‍ സിങ് പറഞ്ഞു. “എനിക്കോ സംസ്ഥാന നേതൃത്വത്തിനോ ഈ വിഷയത്തെക്കുറിച്ച് അറിയില്ല. സ്ത്രീകളോട് നിന്ദ്യമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇക്കാര്യം അന്വേഷിക്കും” -അദ്ദേഹം പറഞ്ഞു .
വിഷയത്തില്‍ ബി.ജെ.പി എം എല്‍ എക്കെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി വക്താവ് രംഗത്തെത്തി . ബി.ജെ.പിയുടെ തനി സ്വരൂപമാണ് എം.എല്‍.എ കാണിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. ബി.ജെ.പിക്കാര്‍ ആരെയും സഹായിക്കാതെ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എം.എല്‍.എയുടെ പ്രതികരണം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം ആരോപിച്ചു .