DeathLatest NewsNationalNews

വിടവാങ്ങിയത് പാക്കിസ്ഥാന്റെ പേടി സ്വപ്‌നവും, ചൈനയുടെ കണ്ണിലെ കരടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന് ഇന്നലെ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത് സമാനതകളില്ലാത്ത ദുരന്തമാണ്. കുടുംബപാരമ്പര്യമാണ് സൈനിക ജീവിതം തിരഞ്ഞെടുക്കാന്‍ റാവത്തിന് തുണയായത്. പാക്കിസ്ഥാനും ചൈനയും ഇന്ത്യന്‍ സൈന്യത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഭയന്നു വിറയ്ക്കുന്നതിന് പിന്നില്‍ ചടുലമായ യുദ്ധതന്ത്രങ്ങളൊരുക്കിയ റാവത്തിന്റെ ബുദ്ധിയാണ്. ചൈനയുടെ വെല്ലുവിളികളും പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റവും തടയാന്‍ ബിപിന്‍ റാവത്ത് നടത്തിയ നീക്കങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നുണ്ട് ഇപ്പോഴും.

മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്‌ട്രൈക്‌സ് എന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയ്ക്ക് തീരാനഷ്ടമാണെന്നുല്‌ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്. 2020ല്‍ സംയുക്തസേന മേധാവിയാകും വരെ കരസേനയുടെ ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നില്‍ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. മ്യാന്മറില്‍ പ്രവേശിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം കൊടുത്തത് റാവത്തിന്റെ പാരാ കമാന്റോകളായിരുന്നു.

മണിപ്പൂരില്‍ ഭീകര്‍ വധിച്ച 18 സൈനികരുടെ വീരബലിദാനത്തിന് തിരിച്ചടി നല്‍കാനായിരുന്നു ആ നീക്കം. പാക്കിസ്ഥാന് ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്ത റാവത് അഫ്ഗാന്‍ വിഷയത്തിലും നിതാന്ത ജാഗ്രതയിലായിരുന്നു. സൈന്യത്തിന് എന്നും താങ്ങായിരുന്ന ഈ ധീരനായ ഉദ്യോഗസ്ഥന്‍ ചൈനയ്ക്കെതിരെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന് എല്ലാ പിന്തുണയും നല്‍കി. സംയുക്ത സൈനിക മേധാവി എന്ന നിലയില്‍ മുഴുവന്‍ സേനാവിഭാഗങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല.

2016ലാണ് ഇന്ത്യന്‍ കരസേനയുടെ മേധാവിയായി റാവത് ചുമതലയേറ്റത്. 2019 ഡിസംബര്‍ 31ന് ചുമതലയില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ കരസേനയുടെ 27ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിന്‍ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സര്‍വ സൈന്യാധിപനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനറല്‍ ബിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ രജപുത്ര കുടുംബത്തിലാണ് ബിപിന്‍ റാവത്തിന്റെ ജനനം. അച്ഛന്‍ ലക്ഷ്മണ്‍ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു.

ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വാര്‍ഡ് സ്‌കൂളിലുമാണ് ബിപിന്‍ റാവത് പഠനം പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയിലും പരിശീലനം പൂര്‍ത്തിയാക്കിയത് മികച്ച വിദ്യാര്‍ഥിയായി സ്വാഡ്് ഓഫ് ഓണര്‍ നേടിയായിരുന്നു. രാജ്യത്തിന് പുറത്തും വിദഗ്ധ പരിശീലനം നേടാന്‍ ബിപിന്‍ റാവത്തിന് സൈന്യം അവസരമൊരുക്കി. ബ്രിട്ടണിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യുഎസ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളേജിലും പരിശീലനം നേടി.

ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ ബിരുദവും മീറഠിലെ ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും നേടിയിരുന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ കമാന്‍ഡര്‍, മേജര്‍, കേണല്‍ എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ബിപിന്‍ റാവത് സൈന്യത്തിന് നേതൃത്വം നല്‍കിയത്. സോപോറിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡറായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത സമാധാന സേന വിഭാഗത്തിന്റെ ചുമതല വഹിച്ചു.

രണ്ടു തവണ അന്താരാഷ്ട്ര ബഹുമതിയും നേടിയിട്ടുണ്ട്. അമേരിക്കന്‍ സൈന്യം ഹാള്‍ ഓഫ് ഫെയിം ബഹുമതിയും നേപ്പാള്‍ ജനറല്‍ ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്. 1987ല്‍ ചൈനീസ് സൈന്യത്തിനെ സോംദോറോംഗ് താഴ്വരയില്‍ പ്രതിരോധിച്ചത് റാവതിന്റെ നേതൃത്വത്തിലെ ഗൂര്‍ഖ റെജിമെന്റായിരുന്നു. സൈനിക സേവനത്തിലേയ്ക്ക് കടന്നുവരുന്ന തലമുറയ്ക്കും നിലവില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ബിപിന്‍ റാവത്തിന്റേത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button