Latest NewsNationalNews

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കിയേക്കും

ന്യൂഡല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. സെപ്റ്റംബര്‍ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇതടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ പരിപാടിയിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. വിഷയത്തില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഠനം നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കല്‍, വ്യാപാര കരാറുകളില്‍മേല്‍ തൊഴില്‍ ഉറപ്പാക്കല്‍, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ പ്രധാനതീരുമാനങ്ങള്‍ പ്രത്യേകമായി പരിഗണിച്ചാണ് നടപ്പാക്കാനൊരുങ്ങുന്നത്. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച കാര്യങ്ങളില്‍ പഠനം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.

ഈ റിപ്പോര്‍ട്ടിനനുസൃതമായിരിക്കും തുടര്‍നടപടികള്‍. സിവില്‍ സര്‍വീസ് പരിഷ്‌കരണം, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കല്‍, വിവരസാങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തല്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് 60 ഇന പരിപാടിയില്‍ പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button