സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ബിഷപായി റവ. ഡോ. സാബു കെ. ചെറിയാൻ അഭിഷിക്തനായി.

കോട്ടയം / സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13-ാമത് ബിഷപായി റവ. ഡോ. സാബു കെ. ചെറിയാൻ അഭിഷിക്തനായി. കോട്ടയം ചാലുകുന്ന് സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. ശുശ്രൂഷക്കിടെ റവ.ഡോ.സാബു കെ. ചെറിയാന്റെ ശിരസിൽ കൈവെച്ച് ബിഷപ്പുമാർ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാർഥിച്ചുകൊണ്ടായിരുന്നു ശുശ്രൂഷ പൂർത്തിയാക്കുന്നത്.
റവ.ഡോ.സാബു കെ. ചെറിയാനെ കത്തീഡ്രൽ ഹൗസിൽനിന്നും മറ്റു ബിഷപ്പുമാരുടെയും സിഎസ്ഐ സിനഡ് ഭാരവാഹികളുടെയും വൈദീകരുടെയും ഒപ്പം ദേവാലയത്തിലേക്ക് ആദ്യം ആനയിക്കുകയായിരുന്നു. ദേവാലയത്തിലെ ശുദ്ധീകരണ പ്രാർഥനാനന്തരം റവ.ഡോ. സാബു കെ. ചെറിയാനെ മൂന്നു പട്ടക്കാർ ചേർന്ന് സിഎസ്ഐ സഭയുടെ പരമാധ്യക്ഷനായ മോഡറേറ്റർ മുപാകെ ശുശ്രൂഷയ്ക്കായി എത്തിക്കുകയായിരുന്നു.
ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിന്റെയും നിയമനത്തിന്റെയും പ്രമാണം വായിക്കുകയും, ബിഷപ്പ് അദ്ദേഹത്തെ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യുന്നതിന് ജനങ്ങളോട് സമ്മതം ചോദിച്ച് മെത്രാഭിഷേക ശുശ്രൂഷ നടത്തുകയുമാണ് ഉണ്ടായത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു തുടങ്ങിയവർ ചടങ്ങിൽ മുഖ്യ അതിഥികളായി എത്തി.