ബിജെപി പുനഃസംഘടന പൊട്ടിത്തെറിയിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന- ജില്ല കമ്മിറ്റികളില്‍ പുനഃസംഘടന നടത്തിയത് വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ബിജെപി മുന്‍ മേഖല പ്രസിഡന്റ് എ.കെ. നസീര്‍, സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാല്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് വന്‍ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്‍ വക്താവ് പി.ആര്‍. ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്നും നീക്കിയതും വലിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അടുത്ത അനുയായികള്‍ക്കാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെ വെല്ലുവിളിക്കുന്ന രീതിയില്‍ പെരുമാറി എന്നതാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ബിജെപിക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ കേസില്‍ അന്വേഷണസംഘത്തെ നയിച്ചത് നസീറാണ്. ഈ കേസിനെ സംബന്ധിച്ച് നസീര്‍ ഇപ്പോള്‍ വല്ലതും പുറത്തുപറഞ്ഞാല്‍ കേരളത്തില്‍ ബിജെപിയുടെ നിലനില്‍പിനെത്തന്നെ ബാധിക്കും എന്നകാര്യം സംസ്ഥാന നേതൃത്വം പരിഗണിച്ചിട്ടില്ല. മാത്രമല്ല തനിക്കെതിരെ നിന്നവരെയെല്ലാം വെട്ടിനിരത്തിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുന്നോട്ടുപോകുന്നത്.
ഇതിനെതിരെ ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേക്കേറുന്നത് വളരെ സീരിയസായി കാണണമെന്നാണ് മുകുന്ദന്‍ പറയുന്നത്. അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകരാണ് സമീപകാലത്ത് സിപിഎമ്മിലേക്ക് പോയത്.
ഒരുപക്ഷേ വിമതരെ ഏകോപിപ്പിക്കാന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന പി.പി. മുകുന്ദന്‍ മുന്നിട്ടിറങ്ങിയാല്‍ അത് നേതൃത്വത്തിന് വന്‍ തിരിച്ചടിയാകും. കൃഷ്ണദാസ് പക്ഷത്തെ സ്ഥാനമാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച് കുമ്മനം രാജശേഖരന്റെ അടുപ്പക്കാരെ ഒതുക്കുന്ന പുതിയ രീതി വന്‍ ദുരന്തമാണ് വിളിച്ചുവരുത്തുകയെന്ന് ചില മുന്‍കാല നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ചിലര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.