ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്കടുത്ത് സ്‌ഫോടനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ഡല്‍ഹി അബ്ദുല്‍ കലാം റോഡിലെ എംബസിക്ക് 50 മീറ്റര്‍ അകലെയായി അതീവ സുരക്ഷാമേഖലയിലാണ് സ്‌ഫോടനമുണ്ടായത്. അഞ്ചു വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. ആളപായമില്ല.
ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ഡല്‍ഹിയിലെ എംപിമാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന മേഖലയാണിത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെ എത്തിയ വിജയ ചൗക്കില്‍നിന്നു രണ്ട് കിലോമീറ്റര്‍ അകലെയാണു സ്ഫോടനം നടന്നത്.
അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ സംഭവത്തെ നോക്കിക്കാണുന്നത്. സ്‌ഫോടകവസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് നടപ്പാതയില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നത്. പ്രദേശം ഇപ്പോള്‍ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്.