രാജി ആരും ആവശ്യപ്പെട്ടിട്ടില്ല, ജൂലൈ 26ന് ശേഷം എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം -യെദിയൂരപ്പ
ബംഗളൂരു: തന്‍റെ സര്‍ക്കാര്‍ ജൂലൈ 26ന് രണ്ട് വര്‍ഷം തികയ്ക്കുകയാണെന്നും അതിനു ശേഷം എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്താണോ പറയുന്നത് അത് ഞാന്‍ അനുസരിക്കും -യെദിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രതികരണം.
തന്നോട് രാജിവെക്കാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു നിര്‍ദേശം വരുമ്ബോള്‍ രാജിവെച്ചിറങ്ങി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. താന്‍ ഇപ്പോള്‍ പകരക്കാരനായി ആരുടെയും പേര് മുന്നോട്ടുവെക്കുന്നില്ല. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വം തന്നോട് ഒന്നും പറഞ്ഞിട്ടില്ല. ജൂലൈ 26ന് ശേഷം എന്തുസംഭവിക്കുമെന്ന് നോക്കാം -യെദിയൂരപ്പ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍, യെദിയൂരപ്പ തന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി.
ഇന്ന്, ആരും പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് യെദിയൂരപ്പ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, പ്രവര്‍ത്തകരോടാണ് ട്വീറ്റെങ്കിലും കേന്ദ്ര നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് യെദിയൂരപ്പ നല്‍കിയതെന്നാണ് വിലയിരുത്തല്‍.