ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷണം; ബി.എസ്.എന്‍.എല്‍ സേവനങ്ങളെ തകര്‍ക്കുന്നു
കൊടുങ്ങല്ലൂര്‍: ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിന് കീഴില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കുന്നത് തുടര്ക്കഥയാവുന്നത്് സേവനത്തെ ബാധിക്കുന്നതായി പരാതി.
ബാങ്കുകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോമില്‍ ഏര്പ്പെട്ടവര്ക്കുമെല്ലാം ഇത് തിരിച്ചടിയാകുന്നു. കേബിള്‍ പുനഃസ്ഥാപിക്കല്‍ സങ്കീര്‍ണമാണ്. ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ഇതിന് പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന ഇന്റര്‍നെറ്റ് സംവിധാനം ബന്ധിപ്പിച്ച സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, പൊലീസ് കണ്ട്രോള് റൂം, കെ.എസ്.ഇ.ബി സബ് സ്റ്റേഷന്, കെ.എസ്.ഇ.ബി ഓഫിസ്, മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതുമൂലം തടസ്സപ്പെടുന്നുണ്ട്.
ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനത്തിലെ കെ.എസ്.ഇ.ബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളുകളും, ചന്തപ്പുര ബൈപാസിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ സംവിധാനത്തിലേക്കുള്ള കേബിളുകളും അനുബന്ധ ഉപകരണങ്ങളും, അഴീക്കോട് മൂന്നുപീടിക വടക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തും സ്ഥാപിച്ച ഉപകരണങ്ങളുമെല്ലാം പല സമയങ്ങളിലായി മോഷ്ടിക്കപ്പെട്ടു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.