ഡോളർ കടത്ത് കേസിൽ മലപ്പുറത്തെ രണ്ടു ബിസിനസ്സുകാരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.

കൊച്ചി / ഡോളർ കടത്ത് കേസിൽ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. ദുബൈയിൽ ജോലി ചെയ്തു വരുന്ന മലപ്പുറം സ്വദേശികളായ ലാഫിർ മുഹമ്മദ്, മുഹമ്മദ് കിരൺ എന്നിവരെയാണ് വ്യാഴാഴ്ച്ച നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് ഏറ്റുവാങ്ങിയത് ഇവരാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
സ്വപ്ന, സരിത്ത് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ തന്നെ നാട്ടിലെത്തിച്ച് ചോദ്യ ചെയ്യാനുള്ള നീക്കം കസ്റ്റംസ് നടത്തി വരുകയാണ്. ഡോളർ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇവരെ നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തിന്റെ അനുമതി കസ്റ്റംസ് നേടിക്കഴിഞ്ഞു.
വിദേശത്തേക്ക് കടത്തിയ ഡോളർ എന്തുചെയ്തു എന്നതും എന്തിനു വേണ്ടി ഉപയോഗിച്ച് എന്നതുമാണ് കസ്റ്റംസ് മുഖ്യമായും അന്വേഷിച്ചു വരുന്നത്. ലാഫിർ മുഹമ്മദ്, മുഹമ്മദ് കിരൺ എന്നീ രണ്ട് ബിസിനസുകാരാണ് വിദേശത്ത് വെച്ച് ഡോളർ കൈപറ്റിയിരിക്കുന്നത് എന്നതിന് കസ്റ്റംസ് ചില തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബൈയിൽ തന്നെയുള്ള വ്യത്യസ്ത പദ്ധതികളിൽ ഡോളറുകൾ നിക്ഷേപം നടത്തിയതായാണ് നിലവിൽ കസ്റ്റംസ് വിലയിരുത്തുന്നത്.