ഹത്രാസ് കലാപം: ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം

കൊച്ചി: ഹത്രാസ് കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
അതേസമയം റൗഫ് ഷെരീഫിനെ ലക്‌നൗ കോടതിയുടെ പരിധിയിലേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ആരോപിച്ചാണ് ഇഡി റൗഫിനെതിരെ കേസെടുത്തത്.
കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെട്ട് പല തവണ റൗഫിന് നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് പോകാൻ എത്തിയപ്പോൾ ഇമിഗ്രേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു.