CovidWorld

വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കോവിഡ്: ഒരു കോടിയിലേറെ പേരെ പരിശോധിക്കും

ഒരു വര്‍ഷത്തിന് ശേഷം കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. ഒരു വര്‍ഷമായി പ്രദേശത്ത് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്.

പ്രതിദിന കേസുകള്‍ പൂജ്യത്തിലെത്തിയതിന് പിന്നാലെ സാമ്ബത്തികമേഖലയടക്കം എല്ലാ രംഗങ്ങളും തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പുതിയ കേസുകള്‍ റിപോര്‍ട് ചെയ്യാന്‍ തുടങ്ങിയതോടെ രാജ്യം ആശങ്കയിലായിരിക്കുകയാണ്. ജൂലൈ പകുതി മുതല്‍ 400ലേറെ പ്രതിദിന കേസുകളാണ് ചൈനയില്‍ റിപോര്‍ട് ചെയ്യുന്നത്.

വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാവരിലും കോവിഡ് പരിശോധന പൂര്‍ത്തിയാകുന്നത് വരെ പുറത്തുനിന്നുള്ളവരെ വുഹാനിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. നചിംഗ് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കായിരുന്നു ആദ്യം ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. പിന്നീട് കൂടുതല്‍ പ്രദേശങ്ങളില്‍ റിപോര്‍ട് ചെയ്യുകയായിരുന്നു.

നചിംഗിനടുത്തുള്ള യാങ്ജൗവില്‍ 40ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ശന ലോക്ഡൗണാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളു. ഇതും ദിവസത്തില്‍ ഒരു തവണ മാത്രവും. ചൊവ്വാഴ്ചയാണ് പുതിയ നിര്‍ദേശങ്ങള്‍ സര്‍കാര്‍ പുറത്തുവിട്ടത്.

2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കോവിഡ് റിപോര്‍ട് ചെയ്തത് വുഹാനിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button