
ചൈനയുടെ സൈബർ യുദ്ധ സാധ്യതയെ പറ്റി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ശമിക്കുമ്പോൾ, അടുത്ത ആക്രമണത്തിന് മുതിരുകയാണ് ചൈന, അതും സൈബര്‍ യുദ്ധം. രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനകം സൈബർ രംഗത്ത് നടത്തിയ ആക്രമണങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെടുത്തിയതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനില്‍ നിന്നോ അമേരിക്കയിലെ ഹാക്കര്‍ സെന്ററുകളില്‍ നിന്നോ ആണ് സാധാരണ ഇന്ത്യക്കെതിരായ സൈബര്‍ ആക്രമണം ഉണ്ടാകാറുള്ളത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ബാങ്കിങ് നെറ്റ്‌വര്‍ക്കുകള്‍, എടിഎമ്മുകള്‍ എന്നിവ ഭീഷണിയിലാണെന്നാണു മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ സംഭവിച്ചിട്ടുള്ള സൈബര്‍ ആക്രമണങ്ങളുടെ ഉറവിടം സെന്‍ട്രല്‍ ചൈനീസ് നഗരമായ ഷെംഗ്ഡുവാണ്. നിരവധി ഹാക്കര്‍ ഗ്രൂപ്പുകളുടെ കേന്ദ്രമാണ് ഷെംഗ്ഡു. ഡി.ഡി.ഒ.എസ്. (ഡിസ്ട്രിബ്യൂട്ടട് ഡിനയല്‍ ഓഫ് സര്‍വീസ്) രീതിയിലാണു ചൈനീസ് ആക്രമണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറില്‍/നെറ്റ്‌വര്‍ക്കില്‍ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്‌സൈറ്റുകള്‍ നിശ്ചലമാക്കുന്ന രീതിയാണു ഡി.ഡി.ഒ.എസ്. സ്ഥിരം ഉപയോക്താക്കൾക്ക് വെബ്‌സൈറ്റുകളുടെ സേവനം ലഭിക്കുന്നത് തടയുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. ചൊവ്വ – ബുധന്‍ ദിവസങ്ങളിൽ ചൈനീസ് നഗരമായ ഷെംഗ്ഡുവിൽ നിന്ന് കൂടുതല്‍ ആക്രമണമുണ്ടായത്. എന്നാല്‍, ഇവ വിജയം കാണാനായില്ല. ഇന്ത്യക്കെതിരേ അതിർത്തിൽ നടന്ന ആക്രമണത്തില്‍ രാജ്യത്തൊട്ടാകെ ചൈനയ്‌ക്കെതിരേ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ചൈന സൈബർ അക്രമങ്ങൾ നടത്തുന്നത്.