കേരളത്തിൽ കോവിഡ് നഷ്ട്ടമാക്കിയ ജീവിതങ്ങൾക്കൊപ്പം സമാന്തര വിദ്യാഭ്യാസ മേഖലക്കും മരണ മണി

സമാന്തര വിദ്യാഭ്യാസത്തിന് മരണ മണി
കേരളത്തിൽ കോവിഡ് നഷ്ട്ടമാക്കിയ ജീവിതങ്ങൾക്കൊപ്പം സമാന്തര വിദ്യാഭ്യാസ മേഖലക്കും മരണ മണി മുഴങ്ങുകയാണ്. കോവിഡ് നഷ്ട്ടമാക്കിയ ജീവിത സ്വപ്നങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് സമാന്തര വിദ്യാഭ്യാസ മേഖലയും. സ്കൂളുകളിൽ പഠനം നിലച്ച് ഓൺലൈൻ ക്ലാസ് വന്നതോടെ സമാന്തര വിദ്യഭ്യാസ മേഖലയുടെ സാധ്യത തന്നെ ഇല്ലാതാവുകയാണ്. ട്യൂഷൻ നൽകുന്ന ഓൺലൈൻ ആപ്പുകൾ കൂടി വന്നത് ഇവർക്ക് കനത്ത പ്രഹരമായി. വരുമാനം നിലച്ചതോടെ വാടകയുൾപ്പടെയുള്ള ചിലവ് താങ്ങാനാവാതെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടിക്കഴിഞ്ഞു.
കേരള വിദ്യാഭ്യാസ ചരിത്രത്തിൽ സമാന്തര വിദ്യാഭ്യാസ മേഖല നൽകിയ സംഭാവനകൾ നിസ്തുലമാണ്. വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിൽ ഒരു പങ്ക് ഈ മേഖലക്കും അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസം സ്വപ്നമായി മാത്രം മാറുമായിരുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കി കൊടുക്കുക മാത്രമല്ല അഭ്യസ്ത വിദ്യരായ നിരവധി യുവാക്കൾക്ക് ജീവിതോപാധിയായി കൂടി ഇത്തരം സ്ഥാപനങ്ങൾ താങ്ങും തണലും ആയിരുന്നു. അദ്ധ്യാപകരാകട്ടെ മറ്റു ജോലി സാധ്യതകൾ തേടുന്ന സ്ഥിതിയിലുമാണ്.
കോഓപ്പറേറ്റിവ് കോളേജുകൾ ഉൾപ്പെടെ ആയിരത്തോളം പാരലൽ കോളജുകളും 65,000ത്തോളം ട്യൂട്ടോറിയൽ സ്ഥാപനങ്ങളും നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തോളം അധ്യാപകരും ജീവനക്കാരും ജോലി ചെയുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഈ മേഖലയെ നിലനിർത്താൻ എന്തെങ്കിലും ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള അധികാരികൾക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകൾ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
1970 ലെ സർവകലാശാല സ്വകാര്യ രജിസ്ട്രേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ പാരലൽ കോളേജ് സംവിധാനം നിലവിൽ വരുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ നിന്ന് തുലോം കുറവായ അക്കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കാനും അതുവഴി സർക്കാർ ജോലിയിലുൾപ്പടെയുള്ള തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാനും വഴിവെച്ചത് സമാന്തര വിദ്യാഭ്യാസ മേഖലയായിരുന്നു.
ആദ്യകാലത്ത് ചെറിയ തോതിലുള്ള തിരിച്ചടികൾ ഉണ്ടായെങ്കിലും അവയൊക്കെ അതിജീവിച്ച് റഗുലർ കോളേജിൻ്റെ തനതു രീതിയിലേക്ക് സമാന്തര വിദ്യാഭ്യാസ മേഖലയും വളർന്നു വന്നു. ഗ്രാന്റ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങൾ, ബസ് കൺസഷൻ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാന്റ് തുടങ്ങി റെഗുലർ കോളജ് വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും പാരലൽ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ഏകീകൃത സിലബസും പരീക്ഷയും മൂല്യനിർണയവും സർട്ടിഫിക്കറ്റും ഇവർക്കും ലഭ്യമായിരുന്നു. പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പഠനം സർവകലാശാലകൾക്കാകട്ടെ മെച്ചപ്പെട്ട വരുമാനമാർഗവുമായിരുന്നു.
സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരം അനുഭവമെന്നാണ് വർഷങ്ങളായി ഈ രംഗത്തുള്ള അദ്ധ്യാപകർ പറയുന്നത്. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് സ്ഥാപനം ആരംഭിച്ചതെന്നും വരുമാനം നിലച്ചതോടെ കുടുംബം തന്നെ പട്ടിണിയിലാകുന്ന അവസ്ഥയിലാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് സമാന്തര വിദ്യാഭ്യാസ മേഖല ഇന്ന് അവഗണന പേറുകയാണ്.
പ്ലസ് ടു ക്ലാസിലും കോളേജുകളിലുമൊക്കെ സീറ്റ് വർധിപ്പിച്ചു എന്ന് സർക്കാർ പറയുമ്പോഴും പാരലൽ കോളജ് അസോസിയേഷൻ 2019ൽ തയാറാക്കിയ കണക്കനുസരിച്ച് കേരളത്തിലെ നാല് സർവകലാശാലകൾക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാർഥികളും ഹയർസെക്കൻഡറി മേഖലയിൽ രണ്ടുലക്ഷം വിദ്യാർഥികളും സമാന്തരമായി പഠിക്കുന്നുണ്ട്. നിലവിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളും പഠന സംവിധാനങ്ങളും മതിയാകാതെ വരുന്നു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ നിഷേധം പോലുള്ള വലിയ പ്രതിസന്ധികളിൽ നിന്നാണ് സമാന്തര വിദ്യാഭ്യാസ മേഖല , സർക്കാർ മേഖലയെ രക്ഷിച്ച് വന്നിരുന്നത്. അ നിലക്ക് കോവിഡിൽ തകർന്ന സമാന്തര വിദ്യാഭ്യാസ മേഖലയെ നിലനിർത്തുക എന്നത് സർക്കരിൻ്റെ കൂടി ഉത്തരവാദിത്വം തെന്നെയാണെന്നത് തള്ളിക്കളയാനാവില്ല.