Latest NewsNationalNews

ആര്‍മി ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സ്ഥിതി ഗരുതരം

കുനൂര്‍: ഊട്ടിക്ക് സമീപം കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ 11 മരണങ്ങള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്.

ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് സൈന്യം സ്ഥിരീകരിച്ചു. ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.

അപകടത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി വാര്‍ത്ത ഏജന്‍സി അറിയിച്ചു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.

കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ഡല്‍ഹിയില്‍ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. ഹെലികോപ്റ്റര്‍ നിലത്തു വീണ് തീഗോളമായ അവസ്ഥയിലാണുള്ളത്. മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാര്‍ച്ചിലാണ് ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്.

ഇന്ത്യന്‍ സായുധ സേനയുടെ മേല്‍നോട്ടം വഹിക്കുകയും സര്‍ക്കാരിന്റെ സൈനിക ഉപദേശകനായി പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തി ഉള്‍പ്പെട്ട അപകടമായതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.

അതിനാല്‍ ഔദ്യോഗിക പ്രതികരണങ്ങളെല്ലാം സാവധാനത്തില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button