കൊടകര കേസില്‍ പ്രതികള്‍ സിപിഎം ബന്ധമുള്ളവര്‍; പ്രതിരോധവുമായി ബിജെപി
കൊടകര കുഴല്‍പണക്കേസിന്‍റെ പേരില്‍ ബിജെപിയെ ചിന്നഭിന്നമാക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഘരന്‍. ബിജെപിയെ കേരളത്തില്‍ തച്ച് തകര്‍ത്ത് എതിര്‍ശബ്ദമില്ലാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ഫാഷിസ്റ്റ് നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോര്‍ കമ്മിറ്റി യോഗം പോലീസ് തടഞ്ഞതിനുശേഷം പത്രസമ്മേളനം നടത്തിയാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
കൊടകര കുഴല്‍പണക്കേസില്‍ ഗൂഡാലോചനയും കരുനീക്കങ്ങളും നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കണം. കേസ് തെളിയിക്കണമെന്നല്ല പൊലീസിന്‍റെ ഉദ്ദേശമെന്നും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ വാദിയുടെ ഫോണ്‍ വിവരങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും പ്രതിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
കോര്‍ കമ്മിറ്റി യോഗം നടത്താനുള്ള എല്ലാ അനുമതിയും ലഭിച്ചതായിരുന്നെന്നും കേരള സര്‍ക്കാരിന്‍റെ വിലക്ക് എല്ലാ കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. ഒരു യോഗം നടത്താന്‍ പോലും ബിജെപിയെ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കുറേ നാളുകളായി ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.