Kerala NewsLatest News

പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍, ഔദ്യോഗിക പരിപാടികള്‍ക്കൊപ്പം രാഷ്ട്രീയ ലക്ഷ്യവും

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കൊച്ചിയിലെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കായാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റികളെ അഭിസംബോധന ചെയ്തേക്കും.

ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കും. കൊച്ചി തുറമുഖത്തിന്റെ സൗത്ത് കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിനു തറക്കല്ലിടുന്ന പ്രധാനമന്ത്രി വില്ലിങ്ടണ്‍ ദ്വീപില്‍നിന്ന് ബോള്‍ഗട്ടിയിലേക്കുള്ള റോറോ സര്‍വീസിനും തുടക്കമിടും.

കൊച്ചിന്‍ തുറമുഖത്തിന്റെ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലായ സാഗരിക, വില്ലിങ്ടണ്‍ ദ്വീപിലെ എറണാകുളം വാര്‍ഫില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഷിപ്‌യാര്‍ഡിന്റെ നോളജ് സെന്ററായ ഗിരിനഗറിലെ ‘വിജ്ഞാന്‍ സാഗര്‍’ മന്ദിരവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

2019 ജൂണിലാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചത്. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും അസൗകര്യം മൂലം വന്നിരുന്നില്ല. തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ, പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ഞായറാഴ്ച കേരളത്തിലെത്തും.

പ്രതിവര്‍ഷം അഞ്ചു ലക്ഷം ടണ്‍ ശേഷിയുള്ളതാണ് പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പദ്ധതി. ഇതു പ്രാവര്‍ത്തികമായതോടെ ഇറക്കുമതി ഇനത്തില്‍ വര്‍ഷം 4,000 കോടി രൂപ ലാഭിക്കാം. മൂന്നു വര്‍ഷം മുന്‍പാണു പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചത്. അടുത്തിടെ ഉത്പാദനം ആരംഭിച്ച പദ്ധതിയില്‍ പ്രത്യക്ഷമായും പരോക്ഷമായും 500 പേര്‍ ജോലി ചെയ്യുന്നുണ്ട്.

1953 ല്‍ കമ്മീഷന്‍ ചെയ്ത സൗത്ത് കല്‍ക്കരി ബെര്‍ത്ത് ദ്രാവക അമോണിയ പോലുള്ള രാസ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാലപ്പഴക്കമൂലം നാശോന്മുഖമായതിനെത്തുടര്‍ന്നാണു ബെര്‍ത്ത് പുനര്‍നിര്‍മിക്കുന്നത്. വില്ലിങ്ടണ്‍ ദ്വീപിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിക്കുന്ന പുതിയ റോ-റോ സേവനം ആദ്യ ഘട്ടത്തില്‍ കണ്ടെയ്‌നര്‍ നിറച്ച ട്രക്കുകളാണു എത്തിക്കുക. തുടര്‍ന്ന് മറ്റു വാഹനങ്ങളെയും കൊണ്ടുപോകും.

12,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സാഗരിക ടെര്‍മിനല്‍ 25.72 കോടി രൂപ ചെലവിലാണു നിര്‍മിച്ചത്. 5,000 സന്ദര്‍ശകരെ കൈകാര്യം ചെയ്യാനുള്ള സൗകര്യമുണ്ട്. 70,000 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണു വിജ്ഞാന്‍ സാഗര്‍ മന്ദിരം. നിലവില്‍ കപ്പല്‍ശാല പരിസരത്ത് സ്ഥിതി ചെയ്യുന്ന ഷിപ്പ്‌യാര്‍ഡിന്റെ മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്രവും അതിലെ ഉദ്യോഗസ്ഥരുടെയും എക്‌സിക്യൂട്ടീവുകളുടെയും നൈപുണ്യ വികസന പരിപാടികളും വിജ്ഞാന്‍ സാഗറിലേക്കു മാറ്റും.

കൊച്ചിയില്‍നിന്ന് ചെന്നെയിലേക്കു പോകുന്ന പ്രധാനമന്ത്രി ചെന്നൈ മെട്രോയുടെ വിംകോ നഗറിലേക്കുള്ള പാത ഉദ്ഘാടന പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ സന്ദര്‍ശനമാണിത്. പശ്ചിമ ബംഗാളും അസമും ഈ മാസം ഏഴിനു പ്രധാനമന്ത്രി സന്ദര്‍ശിച്ച്‌ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഈ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രബജറ്റില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button