സുഭദ്രാമ്മയെ അവതരിപ്പിച്ചത് അഭിനയ ജീവിതത്തിലെ തെറ്റ്.
കൊച്ചി: തിരുവോണ നാളില്‍ വേദന സമ്മാനിച്ചാണ് മലയാളത്തിന്റെ പ്രിയ നടി ചിത്ര യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച താരത്തിനെ ഓര്‍ത്തിരിക്കുന്ന നിരവധി മലയാള സിനിമകളുമുണ്ടായിരുന്നു.
ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം അത്തരത്തില്‍ ജനപ്രീതി നേടിയ വേഷമായിരുന്നു. എന്നാല്‍ സുഭദ്രാമ്മ എന്ന വേഷം ചെയ്തതാണ് തനിക്ക് പറ്റിയ തെറ്റെന്ന് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. ‘ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തേടിയെത്തിയപ്പോള്‍ ചെയ്യില്ലെന്ന് കരുതിയതാണ്.
പക്ഷേ സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്.
അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചി ചോദിച്ചപ്പോഴാണ് സിനിമ ചെയ്യാന്‍ തയ്യാറായത്. അന്ന് വലിയ രീതിയില്‍ പ്രശംസ പിടിച്ചു പറ്റാന്‍ ആ സിനിമയ്ക്ക് സാധിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി.
പ്രായിക്കരപാപ്പാന്‍,ആറാം തമ്പുരാന്‍ എന്നിങ്ങനെ എല്ലാം സിനിമകളിലും ഞാന്‍ മോഷം സ്ത്രീയായി അവതരിക്കപ്പെട്ടു. ഒടുവില്‍ അഭിനയിച്ച സൂത്രധാരന്‍ വരെ അത്തരത്തിലെ വേഷമായിരുന്നു എന്നെ തേടിയെത്തിയതെന്നായിരുന്നു ചിത്ര സങ്കടത്തോടെ പറഞ്ഞത്.
അത്തരം പ്രോസ്റ്റിറ്റിയൂട്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞതോടെ തനിക്ക് പകരം മറ്റൊരാളെ കിട്ടുമെന്ന് പറയുന്ന സിനിമ സംവിധായകര്‍ വരെ ഉണ്ടായി. പിന്നെ പിന്നെ സിനിമകളില്‍ നിന്നും അകലെയായി തന്റെ സ്ഥാനം എന്ന് വേദനയോടെയാണ് നടി ചിത്ര തുറന്നു പറഞ്ഞത്.
തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു. ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. അഭിനയവും സിനിമയും ജീവിതമായി കൊണ്ടു നടന്ന് ഒരു സങ്കട കടല്‍ തീര്‍ത്ത് മടക്കമില്ലാ യാത്രയിലേക്കാണ് ചിത്ര യാത്രയായത്.