Editor's ChoiceKerala NewsLatest NewsLocal NewsNationalNewsUncategorized

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്‌: സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.ഇതോടെ സർക്കാറിന് താൽക്കാലിക ആശ്വാസമായി. ഒപ്പം യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്.അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല.

വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അധോലോക ഇടപാടാണ് പദ്ധതിയിൽ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നത് നുണയാണ്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടയിൽ ലൈഫ് മിഷന്റെ ഹർജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് എന്ന മാധ്യമപ്രവർത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കേസിൽ വിശദമായ വാദം കേൾക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button