തകർന്നുപോയ മലയാളസിനിമയെ മമ്മൂട്ടി കൈപിടിച്ച് ഉയർത്തി; ‘അപ്രഖ്യാപിത ദൈവ’ത്തിന് നന്ദിപറഞ്ഞ് തിയറ്ററുടമ

ദി പ്രീസ്റ്റ് എന്ന സിനിമയിലൂടെ തകർന്നുപോയ മലയാളസിനിമയെ മമ്മൂട്ടി കൈപിടിച്ച് ഉയർത്തിയെന്ന് തിയേറ്റർ ഉടമ ജിജി അഞ്ചാനി. കൊവിഡ് പ്രതിസന്ധികൾ മൂലം തകർന്നു പോയ മലയാള സിനിമ തൊഴിലാളികൾ വീണ്ടും ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയെന്നും അതിനു കാരണമായ മമ്മൂട്ടിയ്ക്ക് നന്ദിയുണ്ടെന്നും ജിജി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയേറ്ററിന്റെ ഉടമസ്ഥനാണ്. വലിയൊരു നന്ദി പറയാനാണ് ഞാൻ വന്നത്. നന്ദി പറഞ്ഞില്ലെങ്കിൽ അത് മോശമായി പോകും. കാരണം എന്നെപോലെ പ്രതിസന്ധികളിൽപ്പെട്ടു ഒരു വർഷകാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതുജീവൻ നൽകി.
എനിക്ക് ഒരുപാടു സന്തോഷം കാരണം പ്രീസ്റ്റ് റിലീസായ ദിനം മുതൽ പാർക്കിങ്ങ് ഗ്രൗണ്ട് എല്ലാം നിറഞ്ഞു. കുടുംബ സഹിതം ആളുകൾ സിനിമ തിയേറ്ററിലേക്ക് കടന്നു വരുന്ന ആ കാലം തിരിച്ചു തന്ന മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയിൽ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാൻ.
എന്റെ എല്ലാ സമ്പദ്യവും ചിലവഴിച്ച് തുടങ്ങിയ പ്രസ്ഥാനം തുടങ്ങി മൂന്ന് മാസം കഴിയുമ്പോൾ തന്നെ പൂട്ടിപോകുന്നു. അതിന് ശേഷം മലയാള സിനിമകളൊക്കെ ഒടിടിയിലേക്ക് പോകുന്നു.
വളരെ വേദനയോടെ ഇരുന്ന ഞങ്ങൾക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാൻ നിർബന്ധിതനാകുമ്പോൾ കാത്തിരിക്കാൻ പറഞ്ഞ മമ്മൂട്ടി എന്ന മഹാനടന് മുന്നിൽ ഒന്നും തന്നെ പറയാനില്ല.
മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു. മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാട് നന്ദി. ഞങ്ങൾ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകർന്നുപോയ ഈ മലയാള സിനിമയെ കൈ പിടിച്ച് ഉയർത്തെഴുനേൽപ്പിച്ചത്. ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു .