രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. കഴിഞ്ഞ ദിവസം 60,753 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 97,743 പേര്‍ രോഗമുക്തി നേടി. 7,60,019 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 74 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഇതുവരെ ഇന്ത്യയില്‍ 2,98,23,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,86,78,390 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന് ആശ്വാസമായി കോവിഡ് മരണസംഖ്യയും കുറയുകയാണ്. 1647 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ കോവിഡ് മരണസംഖ്യ 2000ത്തില്‍ താഴെയെത്തുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്. ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അഞ്ച് ശതമാനത്തില്‍ താഴെയാണ്. 2.98 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 27.23 കോടി പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.