കൊറോണ വൈറസ് വ്യാപനം: ചൈന മുന്‍കൂട്ടി തയാറാക്കിയ പദ്ധതി
ബീജിംഗ്: കൊറോണ വൈറസ് വ്യാപനം നടന്നത് യാദൃശ്ചികമല്ലെന്നും ചൈന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നും വെളിപ്പെടുത്തല്‍. ചൈനീസ് വിമത നേതാവ് വീ ജിംഗ്‌ഷെംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടും വിശ്വസിക്കുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല വുഹാനില്‍ കാറോണയുടെ വിളയാട്ടം തുടങ്ങിയത്. അതിനും രണ്ടുമാസങ്ങള്‍ മുമ്പ് നടന്ന വേള്‍ഡ് മിലിട്ടറി ഗെയിംസ് വേദിയെ ചൈന വൈറസ് പരത്തുന്നതിന് ഉപയോഗിച്ചെന്നാണ് ജിംഗ്‌ഷെംഗ് പറയുന്നത്.
വേള്‍ഡ് മിലിട്ടറി ഗെയിംസില്‍ പങ്കെടുത്ത ഒമ്പതിനായിരം സൈനിക കായിക താരങ്ങള്‍ക്ക് ദുരുഹമായ ഒരു രോഗം പിടിപെട്ടിരുന്നു. ഇത് യാദൃശ്ചികമല്ല. ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍ ഈ വേദി വൈറസ് പരത്തനായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുന്‍ ചൈനാകാര്യ ഉപദേഷ്ടാവായ മൈല്‍സ് യുവും ഇക്കാര്യത്തില്‍ ഈ ജിംഗ്‌ഷെംഗിനെ പിന്തുണയ്ക്കുന്നുണ്ട്.
വേള്‍ഡ് മിലിട്ടറി ഗെയിംസ് വേദിയില്‍ നിന്നും രോഗം ബാധിച്ചവരില്‍ അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് മുതലായ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും ഉണ്ടായിരുന്നു. ഇവരെ കൊറോണ ടെസ്റ്റിന് വിധേയരാക്കുകയോ അതിനുള്ള ചികിത്സ നല്‍കുകയോ ചെയ്തിട്ടില്ല. കോവിഡിനോട് സമാനമായ ലക്ഷണങ്ങളായിരുന്നു അവര്‍ അന്ന് പ്രകടിപ്പിച്ചിരുന്നതെന്ന് മൈല്‍സ് യു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വേള്‍ഡ് മിലിട്ടറി ഗെയിംസ് നടക്കുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഒരു അസാധാരണ പദ്ധതി ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ടായിരുന്നു. ചില ജൈവായുധങ്ങളടക്കം പരീക്ഷിക്കാനുള്ള നീക്കമാണതെന്ന് ഊഹിച്ചിരുന്നതായി ജിംഗ്‌ഷെംഗ് വെളിപ്പെടുത്തി. സ്‌കൈ ന്യൂസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ് ജിംഗ്‌ഷെംഗ് ഇത്തരം ആരോപണങ്ങളുടെ കെട്ടഴിച്ചിരിക്കുന്നത്.
താന്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ആരും വിശ്വസിക്കാന്‍ തയാറായില്ലെന്നാണ് ജിംഗ്‌ഷെംഗ് പറയുന്നത്. ചൈനയില്‍ ജനാധിപത്യം കൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ജിംഗ്‌ഷെംഗ്. ചൈനീസ് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ്. വിവിധ കേസുകളിലായി നിരവധി തവണ ജയില്‍വാസമനുഭവിക്കേണ്ടി വന്ന ജിംഗ്‌ഷെംഗ് ചൈനയില്‍ നിന്നും അഭയാര്‍ഥിയായാണ് അമേരിക്കയിലെത്തിയത്.