
ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്ന് ‘കൊറോനിലില്‍’ പ്രതിരോധ മരുന്നായി വില്ക്കാന് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്കി. കൊവിഡിനുള്ള മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വില്‍ക്കാനാണ് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി. കൊവിഡ് വ്യാപനം തടയാന്‍ പതഞ്ജലി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞ ബാബാ രാംദേവ്, കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയെ പ്രശംസിച്ചതായി പറഞ്ഞു. ‘കൊറോനിലി’ ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുര്‍വേദ മരുന്നുകടകളില്‍ നിന്നും പതഞ്ജലി സ്റ്റോറുകളില്‍ നിന്നും ഈ മരുന്ന് ലഭിക്കും. കൊറോനില്‍ ഉപയോഗിച്ചാല്‍ കൊവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങള്‍ അവകാശപ്പെട്ടില്ല എന്നാണു രാംദേവ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് ‘കൊറോനില്‍’ എന്ന പേരില്‍ ഒരു പ്രതിരോധ മരുന്നു മാത്രമാണിതെന്നും പതഞ്ജലി അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ജൂണ്‍ 23നാണ് രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്. ഇതു പരീക്ഷിച്ച രോഗികള്‍ക്കു രോഗം മാറുകയോ ശരീരത്തിലെ വൈറല്‍ ബാധയുടെ തോത് കുറയുകയോ ചെയ്തതായി കമ്പനി അവകാശപ്പെട്ടു. പ്രഖ്യാപനത്തിനു പിന്നാലെ, ഇങ്ങനെയൊരു മരുന്നിനെക്കുറിച്ചു വിവരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം രംഗത്തെത്തുകയായിരുന്നു. മാദ്ധ്യമങ്ങളിലൂടെയാണ് കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അന്ന് അറിയിച്ചിരുന്നതാണ്.