Uncategorized

സ്വർണ്ണ കടത്ത് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ പ്രവർത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങി,സ്പ്രിൻക്ലർ അന്വേഷണം മുടങ്ങി.

യു എ ഇ കോൺസുലേറ്റ് വഴി നടന്ന നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്ത് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ പ്രവർത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങി. വിവാദമായ സ്വർണ്ണക്കടത്ത് സംഭവത്തിലെ പ്രതികളുമായുള്ള ബന്ധം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി യുടെ കസേര തെറിക്കാൻ ഇടയാക്കിയതോടെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പോലും സ്വർണക്കടത്ത് ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ട്ടിച്ച സ്പ്രിൻക്ലർ വിവാദം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രവർത്തനം സ്വർണ്ണക്കടത്തോടെ വഴിമുട്ടിയിരിക്കുകയാണ്. സമിതി അംഗമായിരുന്ന മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സർക്കാരിന്റെ ഉപദേശകനായതോടെ പകരക്കാരനെ നിയോഗിക്കാൻ സർക്കാരിന് ഇതുവരെ കഴിയാതെ വന്നതാണ് ഇതിനു മുഖ്യ കാരണമായത്.

വിവാദ സ്പ്രിൻക്ലർ ഇടപാട് അന്വേഷിക്കാൻ ഏപ്രിൽ 21 ന് കേന്ദ്ര വ്യോമയാന മുൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ അധ്യക്ഷൻ ആയും, രാജീവ് സദാനന്ദൻ അംഗവുമായ സമിതിയെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു സമിതിയോട് നിർദേശിച്ചിരുന്നത്. സ്പ്രിൻക്ലർ ഇടപാടിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ തന്നെയായിരുന്നു പ്രധാനമായും വിവരങ്ങൾ നൽകേണ്ടിയിരുന്നത്. ശിവശങ്കറിന്റെ നിസ്സഹകരണം സമിതിയുടെ പ്രവർത്തനത്തെ ആദ്യം മുതൽ തന്നെ ബാധിക്കുകയായിരുന്നു. ശിവശങ്കർ സസ്പെൻഷനിൽ ആയതോടെ, ശിവശങ്കറിന്റെ കൈവശം ഉണ്ടായിരുന്ന ഡേറ്റ സൂക്ഷിച്ചിരിക്കുന്നതിന്റെയും കരാർ ഒപ്പിട്ടതിന്റെയും വിശദവിവരങ്ങൾ സമിതിക്ക് ലഭിക്കാതായി. സസ്പെൻഷനിൽ ആകും മുൻപ് സമിതിക്ക് ഈ വിവരങ്ങൾ കൈമാറാൻ ശിവശങ്കർ തയ്യാറായിട്ടുമില്ല. പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുന്ന ആദ്യ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്ന തന്റെ പേപ്പറുകളും ഫയലുകളും ശിവശങ്കർ മാറ്റിയിരുന്നു.

സ്വർണക്കടത്തുകേസിൽ ശിവശങ്കർ സസ്പെൻഷനിലാകുകയും ഐടി വകുപ്പിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങൾ ഉയരുകയും കൂടി ചെയ്ത സാഹചര്യത്തിൽ സമിതി റിപ്പോർട്ട് എന്നത് ഇപ്പോൾ നിർണ്ണായക മായിരിക്കുകയാണ്. ശിവശങ്കറിന്റെ അതിരുവിട്ട പ്രവർത്തനങ്ങളെപ്പറ്റി ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ട് നൽകിയിരുന്നതാണ്. അതുകൊണ്ടു തന്നെ ശിവശങ്കരൻ മുഖ്യ റോൾ വഹിച്ച വിവാദ സ്പ്രിൻക്ലർ ഇടപാട് സംബന്ധിച്ച റിപ്പോർട്ടും ഏറെ നിർണായകമാകും എന്നതിൽ സംശയം വേണ്ട.

സമിതി അംഗമായ രാജീവ് സദാനന്ദന് പകരക്കാരനെ എത്രയും വേഗം നിയോഗിക്കണമെന്ന് കേന്ദ്ര വ്യോമയാന മുൻ സെക്രട്ടറി മാധവൻ നമ്പ്യാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉയർന്ന സാങ്കേതിക വൈദഗ്ധ്യവും വിശ്വാസ്യതയുമുള്ള ഒരാൾ സമിതി അംഗമാകണമെന്ന അഭിപ്രായമാണ് പൊതുവെ ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ളത്. ഐടി, ഇ–ഗവേണൻസ്, സൈബർ നിയമങ്ങളിൽ ഇന്ത്യയിലെ തന്നെ പ്രഗത്ഭരിലൊരാളായ ഗുൽഷൻ റായിയുടെ പേരാണ് ചർച്ചചെയ്യപ്പെടുന്നതെങ്കിലും, മുഖ്യ മന്ത്രിക്ക് കൂടി താല്പര്യമുള്ള ഒരാളെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറായിരുന്ന റായി സൈബർ സുരക്ഷ, സൈബർ നിയമം എന്നിവ സംബന്ധിച്ച ദേശീയ നയരൂപീകരണങ്ങളിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിടുമ്പോഴും സ്പ്രിൻക്ലർ ഇടപാടിനെ സർക്കാർ ശക്തിയായി ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനായി വൻ തുക ചെലവ് ചെയ്ത് ഡൽഹിയിൽ നിന്നുവരെ അഭിഭാഷകരെ വരുത്താനും ശ്രമിച്ചു. ഏതായാലും, സ്പ്രിൻക്ലർ അന്വേഷണം വഴി മുട്ടിയിരിക്കുകയാണ്. അന്വേഷണ സമിതിക്ക് ഒരടി പോലും മുന്നോട്ട് വെക്കാൻ
സർക്കാർ ഇതുവരെ അവസരം ഒരുക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button