പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി. കുന്നുകുഴി ഗുണ്ടുകാട് കോളനിയില്‍ അരുണിനാണ് (30) കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമാണ് അരുണ്‍. പിഴ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.
33 വര്‍ഷം കഠിന തടവും 88,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. 2019 മെയ് ഒന്നിനായിരുന്നു സംഭവം നടന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രതി സമീപത്തെ ചായ്പ്പില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് അനിയനും വീട്ടുകാരും എത്തുന്നത് കണ്ടതോടെയാണ് അരുണ്‍ പെണ്‍കുട്ടിയെ വിട്ടു. വീട്ടുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ ദേഷ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.