ക്ഷേത്രാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ക്ഷേത്രാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഭക്തന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളില്‍ ഭരണഘടനാ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് ഹര്‍ജി തള്ളി സുപ്രീംകോടതി വ്യക്തമാക്കിയത്.
ക്ഷേത്രഭരണത്തില്‍ നിര്‍ദിഷ്ട ചട്ടങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമേ പരിശോധിക്കാനാവൂ, അല്ലാതെആചാരങ്ങളും സേവകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് പ്രായോഗികമല്ല. ‘നമുക്ക് ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടാന്‍ കഴിയുമോ? നാളികേരം എങ്ങനെ ഉടയ്ക്കാം, എങ്ങനെ ആരതി നടത്താം?’ എന്നൊക്കെ കോടതി പറയുന്നത് എങ്ങനെ ശരിയാകുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരനായ ശ്രീവരിദാദയോട് ചോദിച്ചു.
ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ച കോടതി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് അനുഷ്ഠാനങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു. ഇതേവിഷയത്തിലെ ഹര്‍ജി നേരത്തേ ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരാണ് ചീഫ് ജസ്റ്റിസിനു പുറമെ ബെഞ്ചിലുണ്ടായിരുന്നത്.
ഭരണനിര്‍വഹണ ചട്ടങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ തിരുപ്പതി തിരുമല ദേവസ്ഥാനം പ്രതികരിക്കേണ്ടതുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ക്ഷേത്ര ഭരണസമിതി മറുപടി നല്‍കണമെന്നും ബെഞ്ച് ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. എട്ട് ആഴ്ചയ്ക്കകം ഹരജിക്കാരന്റെ പരാതികളില്‍ ക്ഷേത്ര ഭരണകൂടം മറുപടി നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് ഹര്‍ജി കോടതി തള്ളിയത്.