കൊവിഡ് 19 വാക്സിൻ: ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും യുഎഇയിൽ മൂന്നാം ഘട്ടത്തിലേക്ക്.

കൊവിഡ് 19 മഹാമാരിക്കെതിരായ വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാൽ വാക്സിൻ വൻ തോതിൽ നിർമിക്കാൻ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് പറഞ്ഞതായി യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡിനെതിരായ രണ്ട് വാക്സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിനിൽക്കുകയാണ്. പഠനത്തിനും പരീക്ഷണത്തിനുമായി 15,000ത്തിലധികം വാളണ്ടിയർമാരെ കണ്ടെത്തിയെന്നും ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയെന്നും തിങ്കളാഴ്ച നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഗവേഷണത്തിനായി ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച നിലവാരം പിന്തുടരുമെന്നും ഈ ഘട്ടത്തിൽ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടാൽ പരിശോധന വിജയിച്ചതായി കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡിനെതിരായ വാക്സിൻ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ നേരത്തെ വെളിപ്പെടുത്തിരിയുന്നു.