

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്‌ച രാവിലെ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 7,93,802 ആയിരുന്നു. വൈകീട്ടോടെ എട്ട് ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണമെത്തുകയായിരുന്നു. 22,000 ത്തിലധികം പേർക്ക് രാജ്യത്ത് ഇതുവരെ ജീവൻ നഷ്‌ടമായി. ശനിയാഴ്‌ച രാവിലെ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം കേന്ദ്രം നൽകാനിരിക്കുകയാണ്. ദേശീയ മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ ശരാശരി കണക്ക് 62.42 ശതമാനമാണെന്നും അധികൃതർ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ ഞെട്ടിക്കും വിധം വർധിക്കുകയാണ്. വെള്ളിയാഴ്ച മാത്രം 7865 പേർക്ക് രോഗബാധയുണ്ടായി. 226 പേർക്ക് ജീവൻ നഷ്‌ടമായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി. 9803 പേർ ഇതുവരെ മരിച്ചു. മഹാരാഷ്‌ട്രയെ സമ്മർദ്ദത്തിലാഴ്‌ത്തുന്ന കണക്കുകളാണ് മുംബൈയിൽ നിന്നും ലഭിക്കുന്നത്. പുതിയതായി 1337 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 90,461 ആയി. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് നഗരത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്തുവരുന്നത്.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്ന നിലയിൽ വർധിക്കുകയാണ്. വെള്ളിയാഴ്ച 2089 പുതിയ കേസുകളും 42 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 2468 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു. ഇതോടെ രാജ്യ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,140 ആയി. 84,694 പേർ രോഗമുക്തി നേടിയപ്പോൾ 3,300 മരണങ്ങൾ സംസ്ഥാനത്താകെയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 875 പോസിറ്റീവ് കേസുകളാണ് 14 മരണങ്ങളുമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌തത്. 28,183 പേർ രോഗമുക്തി നേടിയപ്പോൾ 2,024 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. സംസ്ഥാനത്താകെ 40,155 പേർക്ക് കൊവിഡ് ബാധതയുണ്ടായി.
തമിഴ്‌നാട്ടിൽ ആകട്ടെ വെള്ളിയാഴ്ച മാത്രം 3,680 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 64 പേർ വെള്ളിയാഴ്ച മരണപെട്ടു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,30,261 ആയി. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. 1829 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈ നഗരത്തിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയൂന്നത്. സമ്പർക്കത്തിലൂടെയും ഉറവിടമറിയാത്ത കേസുകളും ധാരാളമുള്ള ചെന്നൈ ഇപ്പോഴും ഹോട്ട് സ്പോട്ട് പട്ടിയിലാണ്.
Post Your Comments