CovidHealthKerala NewsLatest NewsNews

ആശങ്ക തന്നെ, രണ്ടാം ദിവസവും ആയിരം കവിഞ്ഞു , കേരളത്തിൽ 1078 പേർക്ക് കൂടി കോവിഡ്, 5 മരണം.

കേരളത്തിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടാം ദിവസവും ആയിരം കവിഞ്ഞു തന്നെ. വ്യാഴാഴ്ച 1078 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 798 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരികരിച്ചത്‌.

അഞ്ചു മരണങ്ങൾ കോവിഡ് മൂലമാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 16,110 പേർക്ക് രോഗം സ്ഥിരീകരിച്ചു.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 65 പേരുടെ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു.വ്യാഴാഴ്ച 432 പേർ രോഗമുക്തി നേടി.

 സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂര്‍-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, പത്തനംതിട്ട-27, വയനാട്-10 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36.

കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. വ്യാഴാഴ്ച 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണ്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വ്യാഴാഴ്ച 222ൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നിരിക്കുന്നത്. ഉറവിടം അറിയാത്ത കേസുകൾ 16 ആണ്. തിരുവനതപുരം ജില്ലയിൽ കൂടുതൽ ആരോ​ഗ്യപ്രവർത്തകരെ നിയോ​ഗിക്കും. ന​ഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് രോ​ഗം സ്ഥിരീകരിച്ചിരിക്കുകയാണ്. എംഎൽഎ ഉൾപ്പടെ നിരീക്ഷണത്തിൽ പോയി. പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത് ​ഗൗരവമായി കണ്ട് മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തി വരുകയാണ്.

തീരദേശത്തടക്കം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി. കൊല്ലത്ത് രോഗ ബാധിതരായ106 പേരിൽ 94 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടമറിയാത്തത് 9 കേസുകളാണ്. രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ, എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി. ഇതിനെത്തുടർന്ന് തിരുവല്ല ന​ഗരസഭ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ 82ൽ 40 കേസുകളും സമ്പർക്കം മൂലമാണ്. വണ്ടാനം ​ഗവ. ഡിഡി കോളേജിൽ‌ ചികിത്സയിലായിരുന്ന രോ​ഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്‌ടർമാരും 15 ജീവനക്കാരും ക്വാറന്റീനിലായി. ചേർത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button