കൊവിഡ് വ്യാപനം രൂക്ഷം; ചെങ്ങറ സമര ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളും ഇല്ല
പത്തനംതിട്ട: ചെങ്ങറ സമര ഭൂമിയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ആരോഗ്യവകുപ്പ് നടത്തിയ കൂട്ട പരിശോധനയില്‍ കഴിഞ്ഞ ദിവസം 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമര ഭൂമിയിലെ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മലയാലപ്പുഴ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കൂട്ട പരിശോധന നടത്തിയത്. എന്നാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പ്ലാസ്റ്റിക്കും ഓലയും കൊണ്ട് മറച്ച കുടിലുകള്‍ ആയതിനാല്‍ രോഗം സ്ഥിരീകരിക്കുന്നവരെ വീടുകളില്‍ താമസിപ്പിക്കാന്‍ കഴിയില്ല. ഭൂരിഭാഗം വീടുകളിലും ശൗചാലയങ്ങള്‍ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരെയെല്ലാം മലയാലപ്പുഴയിലേയും വടശ്ശേരിക്കരയിലേയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
അഞ്ഞൂറോളം കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് ചങ്ങറയില്‍ താമസിക്കുന്നത്. രോഗം വന്നാല്‍ പെട്ടന്നു പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. ഇവിടെ വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ ഒരു സ്ഥലത്തിരുന്നാണ് ഓണ്‍ലൈന്‍ പഠനം നടത്തുന്നത്.
പ്രദേശം കണ്ടെയ്‌മെന്റ് സോണായതോടെ ദിവസ ജോലിക്ക് പോകുന്നവരും പ്രതിസന്ധിയിലാണ്. ഇവിടെ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഭക്ഷണ വിതരണത്തിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. കുടിലുകള്‍ പട്ടിണിയിലാകാനുള്ള സാധ്യതയുമുണ്ട്.