Kerala NewsLatest NewsUncategorized

ആർടിപിസിആർ ഫലം അനിശ്ചിതമായി വൈകുന്നു; ഇത് രോഗം പകരാൻ ഇടയാക്കുന്നുവെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും ആർടിപിസിആർ പരിശോധനയുടെ ഫലം അനിശ്ചിതമായി വൈകുന്നതായി പരാതി. പരിശോധന കഴിഞ്ഞ് ഒൻപത് ദിവസത്തോളം കഴിഞ്ഞാണ് പലയിടത്തും ഫലം വരുന്നത്. ഫലം ലഭിക്കാത്തതിനാൽ പലരും ക്വാറന്റീൻ ഉപേക്ഷിക്കുകയാണ്. ദിവസങ്ങൾ കഴിഞ്ഞ് റിസൾട്ട് ലഭിക്കുമ്പോൾ മാത്രമാകും കൊറോണ ബാധിതനാണെന്ന് അറിയുക.

സർക്കാർ ആശുപത്രികളിൽ നിന്നും സാമ്പിളുകൾ എടുത്ത ശേഷം വിവിധ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുക. മുൻപ് പരമാവധി മൂന്ന് ദിവസത്തിനകം ഫലം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചുരുങ്ങിയത് ഏഴ് ദിവസം കഴിഞ്ഞാൽ മാത്രമേ പലപ്പോഴും പരിശോധനാ ഫലം ലഭിക്കുന്നുള്ളൂ.

ചിലയിടത്ത് പത്ത് ദിവസം വരെ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നു. ഏപ്രിൽ 26ന് സാമ്പിൾ എടുത്തെങ്കിലും മേയ് ആറ് മാത്രമാണ് ഫലം ലഭിച്ചതെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. 21നു സാമ്പിൾ എടുക്കുകയും 22ന് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് മറ്റൊരു പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ഫലം അംഗീകരിച്ചിട്ടുള്ളത് 27നാണ്.

പരിശോധനാഫലം വൈകുന്നതോടെ രോഗം സംശയിക്കുന്ന പലരും ദിവസങ്ങൾ കഴിയുമ്പോൾ ക്വാറന്റീൻ ഉപേക്ഷിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്യുന്നു. ഫലം വരുമ്പോൾ മാത്രമാണ് പോസിറ്റീവാണെന്ന് അറിയുക. ഇതും രോഗം പകരാൻ ഇടയാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button