ഇന്ത്യയിൽ ഒരൊറ്റദിവസം അരലക്ഷത്തിനടുത്ത് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഇതാദ്യമായി ഒരൊറ്റദിവസം അമ്പതിനായിരത്തിനടുത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 49,310 പേർക്കാണ് വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 12,87,945 ആയി. 740 പേർ കൂടി കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചു. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണം ഇതോടെ 30,601 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ 8.17 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. റിക്കവറി നിരക്ക് 63.45 ശതമാനം. ഇപ്പോൾ ചികിത്സയിലുള്ളത് 4,40,135 പേരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും ഒഡിശയിലും രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശ്വാസമാവുന്നുമില്ല. 9,895 കേസുകളാണ് മഹാരാഷ്ട്രയിൽ പുതുതായി സ്ഥിരീകരിച്ചത്. എണ്ണായിരത്തിനടുത്ത് കേസുകൾ ആന്ധ്രയിലും 6,500നടുത്തു കേസുകൾ തമിഴ്നാട്ടിലും പുതുതായി കണ്ടെത്തി.
കർണാടകയിൽ ആകട്ടെ അയ്യായിരത്തിലേറെയാണ് പുതിയ രോഗികൾ. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 3,47,502 ആയി. 298 പേർ കൂടി സംസ്ഥാനത്തു മരണപെട്ടു. ഇതോടെ മരണസംഖ്യ 12,854 ആയി. 1.94 ലക്ഷം പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗമുക്തി നേടിയത്. 1.40 ലക്ഷം ആക്റ്റിവ് കേസുകൾ ആരോഗ്യ മേഖലയ്ക്ക് വീണ്ടും സമ്മർദം വർധിപ്പിക്കുന്നു. മുംബൈയിൽ 1245ഉം പൂനെയിൽ 1801ഉം പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കർണാടകയിൽ 97, തമിഴ്നാട്ടിൽ 88, ആന്ധ്രയിൽ 61, പശ്ചിമ ബംഗാളിൽ 34, ഗുജറാത്തിൽ 28, ഉത്തർപ്രദേശിലും ഡൽഹിയിലും 26 വീതം, രാജസ്ഥാനിൽ 11, മധ്യപ്രദേശിൽ 10, ജമ്മു കശ്മീരിലും തെലങ്കാനയിലും ഒമ്പതു വീതം മരണങ്ങളാണ് അവസാനത്തെ 24 മണിക്കൂറിൽ ഉണ്ടായത്. പഞ്ചാബിൽ എട്ടും അസം, ഒഡീസ, ഹരിയാന എന്നിവിടങ്ങളിൽ ആറു വീതവും കേരളത്തിൽ അഞ്ചും ഉത്തരഖണ്ഡ്, ഝാർഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ മൂന്നും വീതം മരണങ്ങൾ പുതുതായി ഉണ്ടായിട്ടുണ്ട്. ഛത്തിസ്ഗഡിലും ത്രിപുരയിലും ഗോവയിലും ഓരോ മരണം വീതമാന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.