CrimeKerala NewsLatest NewsNews

ഉന്നതബന്ധങ്ങളിലൂടെ രക്ഷ തേടി സ്വപ്‌നാസുരേഷ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ എല്ലാമുഖ്യപ്രതികളെയും ബന്ധിപ്പിക്കുന്നയാളാണ് സ്വപ്‌ന. പണം സമ്പാദിക്കാനുള്ള ആഗ്രഹത്തെതുടര്‍ന്ന്, പ്രമുഖരുമായി ബന്ധംപുലര്‍ത്തി സ്വര്‍ണ്ണംകടത്താനായിരുന്നു സ്വപ്‌ന ശ്രമിച്ചത്. പഴുതടച്ചുകൊണ്ടുള്ള നീക്കത്തിലൂടെയാണ് സ്വപ്‌ന ഓരോ ചുവടും വെച്ചത്. ഉന്നതതലങ്ങളുമായുള്ള സ്വപ്‌നയുടെ ബന്ധമാണ് നിയമകുരുക്കുകളില്‍നിന്നും സ്വപ്നയെ രക്ഷിച്ചത്. വ്യക്തമായ പദ്ധതികളിലൂടെ പണം സമ്പാദിച്ച് സരിത്തിനെ വിവാഹംകഴിക്കാനായിരുന്നു സ്വപ്‌നയുടെ ആഗ്രഹം. നിലവിലുള്ള ജീവിതപങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ഇതിനാല്‍ സ്വപ്നയുടെ കമ്മിഷന്‍ വിഹിതം കൂടിയെടുക്കാന്‍ സരിത്തിനെ അനുവദിച്ചുവെന്നും കുറ്റപത്രം പറയുന്നു.

സ്വര്‍ണ്ണക്കടത്തുകേസ് കത്തിനിന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, സ്വപ്നയുമായി ബന്ധം പുലര്‍ത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ നടത്തിയിരുന്ന നിയമവിരുദ്ധ ഇടപാടുകള്‍ സ്വപ്നയില്‍നിന്നു ശിവശങ്കര്‍ മനസിലാക്കുകയും ചെയ്തു. നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തുന്നതിനെക്കുറിച്ചും ശിവശങ്കറിനു അറിയാമായിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗികയാത്രകളില്‍ ശിവശങ്കര്‍ സ്വപ്നയെ ഒപ്പം കൂട്ടി. ശിവശങ്കറിന്റെ ജന്മദിനത്തിനു സമ്മാനം ലഭിച്ച ഐ ഫോണ്‍ ലൈഫ് മിഷന്‍ പദ്ധതി കരാറുകാരനായിരുന്ന സന്തോഷ് ഈപ്പന്‍ വാങ്ങി സ്വപ്നയ്ക്കു നല്‍കിയതായിരുന്നുവെന്നും വിശദീകരിക്കുന്നു. സരിത്തും സ്വപ്‌നയും കേസിലെ ഒന്നും രണ്ടും പ്രതികളാണ്.

കേശവദാസ് എന്നയാളുമായി ചേര്‍ന്ന്, യുഎഇയില്‍ നിക്ഷേപം നടത്താന്‍ ശിവശങ്കര്‍ പദ്ധതിയിട്ടതായും കുറ്റപത്രം പറയുന്നു. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബോര്‍ഡ് ചെയര്‍മാനായിരിക്കെ സ്പേസ് പാര്‍ക്കില്‍ വ്യാജരേഖകളുടെ ബലത്തില്‍ സ്വപ്‌നയ്ക്ക് ജോലി വാഗ്ദാനംചെയ്തു. നയതന്ത്രബാഗില്‍ സ്വര്‍ണം പിടികൂടിയത് മുതല്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നതുവരെ സ്വപ്നയുമായി നിരന്തരം വാട്സാപ് കോളിലൂടെ ശിവശങ്കര്‍ വിവരങ്ങള്‍ കൈമാറിയിരുന്നതായി സന്ദീപ്നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. നയതന്ത്ര ചാനലിന്റെ മറവില്‍ കള്ളക്കടത്തു നടക്കുന്നതായി രഹസ്യാന്വേഷണറിപ്പോര്‍ട്ടുണ്ടെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും ശിവശങ്കര്‍ മുന്നറിയിപ്പു നല്‍കിയതായി സ്വപ്‌നയുടെ മൊഴിയുമുണ്ട്. കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയുമായി രാജ്യത്തിന്റെ നയതന്ത്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബന്ധം സ്ഥാപിച്ചുവെന്നും കസ്റ്റംസ് വിശദീകരിക്കുന്നു.

സ്വപ്നസുരേഷുമായി ഗൂഢാലോചന നടത്തിയത് സരിത്താണ്. നയതന്ത്ര പാഴ്സലിനുള്ളില്‍ സ്വര്‍ണം കടത്താനുള്ള അനുമതിക്കുവേണ്ടി കോണ്‍സല്‍ ജനറലിന് ഒരു കിലോഗ്രാം സ്വര്‍ണത്തിന് പകരമായി 1000 ഡോളര്‍ വീതം നല്‍കണമെന്ന് റമീസിനെയും സന്ദീപിനെയും അറിയിച്ചു. സ്വര്‍ണക്കടത്ത് നടത്തിയവര്‍ കടത്തുകമ്മീഷനായി കള്ളനോട്ടു നല്‍കുമെന്നും കോണ്‍സല്‍ ജനറല്‍ മുന്നറിയിപ്പു നല്‍കി. ഇത് പരിശോധിക്കാന്‍ കഴിയുന്ന നോട്ടെണ്ണല്‍മെഷീന്‍ വാ്ങ്ങുകയും ചെയ്തു. അഡ്മിന്‍ അറ്റാഷെക്കു കമ്മിഷന്‍ നല്‍കാന്‍ ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റി. സ്വര്‍ണക്കടത്തിന് ആദ്യാവസാനം ഒത്താശ ചെയ്ത് സരിത്ത് പ്രതിഫലം പറ്റിയെന്നും കുറ്റപത്രം പറയുന്നു.
നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു സൗകര്യം ഒരുക്കിയത് സ്വപ്നാസുരേഷാണ്. ഗൂഢാലോചനയിലും സ്വര്‍ണക്കടത്തിലും നിര്‍ണായക പങ്കാളിത്തവും ഇവര്‍ക്കുണ്ട്. കോണ്‍സുലേറ്റ് ജനറലിനു ദുബായില്‍ വീടു പണിയാന്‍ പണമാവശ്യമുണ്ടെന്നും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നല്‍കണമെന്നും മറ്റുള്ളവരെ പറഞ്ഞുസമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്ന്് സന്ദീപിന്റെ മൊഴിയുണ്ട്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയാണ് സന്ദീപ് നായര്‍. ആസൂത്രണം ചെയ്യാനും കോഡ് വാക്കുകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ കൈമാറാനുമായി സിപിഎം കമ്മിറ്റി എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി. ഒരിക്കലും സ്വന്തം മൊബൈല്‍ഫോണ്‍ സ്വര്‍ണക്കടത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഏറ്റുവാങ്ങി കെ.ടി.റെമീസിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. പിന്നീട് സ്വര്‍ണം റെമീസിനു കൈമാറി. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസുകളില്‍ സന്ദീപ് നായര്‍ക്കൊപ്പം നേരത്തെ പിടിക്കപ്പെട്ട പ്രതിയാണ് റമീസ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി ചേര്‍ന്നു പദ്ധതിയുണ്ടാക്കി. ദുബായില്‍നിന്നു സ്വര്‍ണം ശേഖരിച്ചു കള്ളക്കടത്തിലൂടെ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലയെ റമീസാണ്
നിയന്ത്രിച്ചിരുന്നത്.

കൃത്യമായ പദ്ധതിയിലൂടെ, സ്വപ്‌ന എല്ലാമേഖലയിലുള്ളവരെയും ബന്ധിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ കൂടുതലാണ്. കാരണം ഉന്നതങ്ങളിലെ ബന്ധം അവര്‍ സ്വയംരക്ഷയ്ക്കായി ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നത്. കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എല്ലാനിര്‍ണ്ണായകബന്ധങ്ങളും സൃഷ്ടിച്ച സ്വപ്‌നയ്ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button