ആഡംബര ഹോട്ടലുകളിൽ വാക്സിനേഷൻ നടത്തുന്നത് ചട്ട വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: ആഡംബര ഹോട്ടലുകളിൽ വാക്സിനേഷൻ നടത്തുന്നത് ചട്ട വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വാക്സിനേഷൻ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാനങ്ങൾ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
സർക്കാർ, സ്വകാര്യ കേന്ദ്രങ്ങൾ, ജോലിസ്ഥലങ്ങൾ, വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തുള്ള കേന്ദ്രം, കമ്യൂണിറ്റി കേന്ദ്രം, പഞ്ചായത്ത് ഭവൻ, സ്കൂൾ, കോളജ്, വൃദ്ധസദന തുടങ്ങിയ ഇടങ്ങളിൽ താൽക്കാലികമായി വാക്സിനേഷൻ നടത്താമെന്നാണ് മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നത്. വാക്സിനേഷൻ ഡ്രൈവ് നടത്തുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ചില സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളിൽ വാക്‌സിനേഷൻ നടത്തുന്നുണ്ട്. സുഖകരമായ താമസം, ആരോഗ്യകരമായ പ്രഭാതഭക്ഷണം, സൗജന്യ വൈഫൈ തുടങ്ങിയവ ഹോട്ടലുകളിലെ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ, ആവശ്യപ്പെട്ടാൽ പ്രശസ്ത ആശുപത്രിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പും ക്ലിനിക്കൽ കൺസൾട്ടേഷനും ലഭിക്കുകയും ചെയ്യും. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് മാർഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.