DeathLatest News

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (74) കാലം ചെയ്തു. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പൗരസ്ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. സഭാ ഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും 2011 ല്‍ വോട്ടവകാശം ഏര്‍പ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

ഇന്ന് വൈകിട്ട് ഏഴ് മണിവരെ ഭൗതിക ശരീരം പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. പരുമല പള്ളിയില്‍ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച നടത്തും. സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെ കാതോലിക്കേറ്റ് അരമന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.

തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30-നായിരുന്നു ജനനം. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദവും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോട്ടയത്തെ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ പട്ടവും സ്വീകരിച്ചു. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും 1985 മെയ് 15 ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. തുടര്‍ന്ന് പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. 2006 ഒക്ടോബര്‍ 12 ന് മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

സഭാ അദ്ധ്യക്ഷനായിരുന്ന മോര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2010 നവംബര്‍ 1-ന് പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നപേരില്‍ കാതോലിക്കാ ബാവയായി. പരുമല തിരുമേനിക്കു ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മോര്‍ പൗലോസ് ദ്വിതിയന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button