ഭര്‍ത്താവു വീട്ടില്‍ കയറ്റാത്തതിനാല്‍ സിറ്റൗട്ടില്‍ താമസമാക്കിയ ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം
പാലക്കാട് ∙ ഭര്‍ത്താവു വീട്ടില്‍ കയറ്റാത്തതിനാല്‍ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. യുവതിയെ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞ കമ്മിഷന്‍ അംഗം ഷിജി ശിവജി ഹേമാംബിക നഗര്‍ പൊലീസിനും വനിതാ പ്രൊട്ടക്‌ഷന്‍ ഓഫിസര്‍ക്കും ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.
പത്തനംതിട്ട സ്വദേശി ശ്രുതിയും (24) കുഞ്ഞുമാണു ദിവസങ്ങളായി ധോണിയില്‍ ഭര്‍തൃവീടിന്റെ സിറ്റൗട്ടില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് മനു കൃഷ്ണനെതിരെ മാനസിക പീഡനത്തിനു മറ്റൊരു കേസ് കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. നേരത്തെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശവുമുണ്ട്.
ഈ മാസം ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരമറിഞ്ഞു ഭര്‍ത്താവു വീടു പൂട്ടിപ്പോയെന്നാണു പരാതി. സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതിയും കുഞ്ഞും പിന്നീടു വീടിന്റെ സിറ്റൗട്ടിലേക്കു മാറി. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു.