പെരിയ കേസിലെ പ്രതികള്‍ക്ക് പരസ്യ പിന്തുണയുമായി സിപിഎം

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കല്യോട്ട്, എച്ചിലടുക്കം പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യംവച്ചാണ് സിബിഐയുടെ അറസ്റ്റെന്നുമാണ് സിപിഎമ്മിന്റെ ന്യായീകരണം. അതുകൊണ്ട് തന്നെയാണ് സിപിഎം നേതാക്കള്‍ അറസ്റ്റിലായവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ട് നേരിട്ട് പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഞ്ച് പേരും നിരപരാധികളാണെന്നാണ് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കല്യോട്ടെ സുരേന്ദ്രന്‍, റെജി വര്‍ഗീസ്, ഹരിപ്രസാദ്, ശാസ്ത മധു, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു എന്നിവരുടെ വീടുകളാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്. കോണ്‍ഗ്രസുകാരുടെ ആക്രമണത്തിനിരയായ ഓമനക്കുട്ടന്‍, വത്സരാജ് എന്നിവരെയും നേതാക്കള്‍ കണ്ടു.
സിപിഎം ജില്ല കമ്മിറ്റി അംഗം പി. അപ്പുക്കുട്ടന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനന്‍, ഏരിയ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ബാലകൃഷ്ണന്‍ കേസിലെ പ്രതി കൂടിയാണ്. കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.