Kerala NewsLatest News

സൗത്തിന്ത്യയിലെ ഇംഗ്ലിഷ് വാദകാ, അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുത്; ലക്ഷദ്വീപിനെ പിന്തുണച്ച പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

സൗത്തിന്ത്യയിലെ ഇംഗ്ലിഷ് വാദകനായ പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട എന്നാണ് ഒരു കമന്റ്. മറ്റ് കാര്യങ്ങളിലൊന്നും സംസാരിക്കാത്ത നടന്‍ ഇപ്പോള്‍ മാത്രം സംസാരിച്ചത് മറ്റു ഉദ്ദേശങ്ങളുള്ളതുകൊണ്ടാണെന്നും കമന്റുകളുണ്ട്. വാരിയന്‍കുന്നന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ പരാമര്‍ശിച്ചും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്.

ലക്ഷദ്വീപ് വഴി പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താനും ആക്രമിക്കാനും ശ്രമിക്കുന്നു, ലക്ഷദ്വീപില്‍ ഐ.എസ് തീവ്രവാദികളുണ്ട് എന്നിങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മറ്റു ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മറ്റു ചിലരുടെ വാദം. ലക്ഷദ്വീപിനും പൃഥ്വിരാജിനുമെതിരെ ഉയര്‍ന്ന ഇത്തരം പ്രചാരണങ്ങളെ പൊളിച്ചുകൊണ്ടുള്ള മറുപടികളും വരുന്നുണ്ട്. നിലപാടെടുക്കുന്നവരെ അബദ്ധ വാദങ്ങളുയര്‍ത്തി തകര്‍ക്കാനാണ് സംഘപരിവാര്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് മറുപടികളില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ഭയന്ന് ബി.ജെ.പി; മോദിയുടേയും അമിത് ഷായുടെയും നേതൃത്വത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് യോഗം ക്രിമിനല്‍ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു നാടിനെതിരെയാണ് തീവ്രവാദമെന്നും അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ആക്രമണംനടത്താന്‍ പദ്ധതിയെന്നുമെല്ലാം വ്യാജ പ്രചരണം നടത്തുന്നതെന്നും ജനങ്ങള്‍ക്ക് സത്യാവസ്ഥയറിയാമെന്നും മറുപടികളില്‍ പലരും പറയുന്നു.

മാസങ്ങളായി ലക്ഷദ്വീപ് ജനത നടത്തിവരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഈ പ്രതിഷേധത്തിന് പിന്തുണച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു.

ഞാന്‍ ദ്വീപുകളെക്കുറിച്ച് ഉപന്യാസമെഴുതാനോ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ എത്രമാത്രം വിചിത്രമാണെന്ന് വിവരിക്കാനോ പോകുന്നില്ല. അതേക്കുറിച്ച് വായിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എനിക്ക് ഉറപ്പുള്ള ഒന്നുണ്ട്, എനിക്കറിയാവുന്ന ദ്വീപ് നിവാസികളോ ഞാനുമായി സംസാരിച്ച അവിടുത്തെ ആളുകളോ ഇപ്പോള്‍ അവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒട്ടും സന്തുഷ്ടരല്ല.

ഭൂമിക്കുവേണ്ടിയല്ല ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് എല്ലാ നിയമങ്ങളും പരിഷ്‌കരണങ്ങളും ഭേദഗതികളും വരുത്തേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തികളോ അല്ല രാജ്യം, സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നീ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത് മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമായി മാറുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button