കേരളം മുതല്‍ കാശ്മീര്‍ വരെ സൈക്കിളിലേറി സഹലയും കൂട്ടരും
കേരളം മുതല്‍ കാശ്മീര്‍ വരെ മനോഹരമായ വീഥികളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹം ഇല്ലാത്തവരായി ആരുണ്ട്. എന്നാല്‍ ആ യാത്ര സൈക്കിളില്‍ ആയാലോ.. സൈക്കിളില്‍ കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ഊര്‍ങ്ങാട്ടിരി തച്ചണ്ണ സക്കീര്‍ ഹുസൈന്‍,ഹഫ്‌സത്ത് ദമ്പതികളുടെ മൂത്തമകളായ സഹ്ല പരപ്പന്‍.
കേരളത്തില്‍ നിന്നും കാശ്മീര്‍ വരെ 2018 ല്‍ സൈക്കിളില്‍ യാത്ര പോയ മുഹമ്മദ് ഷാമിലും, ബൈക്കില്‍ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്ത മശ്ഹൂര്‍ ഷാനും സഹ്ലകൊപ്പം യാത്രക്കുണ്ട്. ഞായറാഴ്ച അരീക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കുക.
വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു സഹ്ല സൈക്കിളില്‍ ഉള്ള യാത്ര ആരംഭിച്ചിട്ട്. സൈക്ലിംഗ് നോടുള്ള വലിയ ഇഷ്ടം കാരണമാണ് സൈക്കിള്‍ വാങ്ങിച്ച തും കാശ്മീരിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിച്ചതുമെന്ന് സഹ്ല പറയുന്നു.
സൈക്കിള്‍ വാങ്ങിയ ഉടനെ തന്നെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ മൂവര്‍ സംഘം യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒരുപാട് കാലമായുള്ള ആഗ്രഹമാണ് സഹലയ്ക്ക് സൈക്കിളില്‍ ഒരു ദൂര യാത്ര പോവണമെന്നുള്ളത്. അതും, സ്വന്തമായി അദ്ധ്വാനിച്ച് വാങ്ങിയ സൈക്കിളില്‍ തന്നെ പോകണമെന്നുള്ളതും. അങ്ങനെ കുറച്ച് പണം ഒത്തുവന്ന സാഹചര്യത്തിലാണ് സൈക്കിള്‍ വാങ്ങിച്ചത്. സൈക്കിളുമായി കൂട്ടുകാരോടൊത്തുള്ള യാത്രയും പിന്നീട് പതിവായിരുന്നു. അതിനിടയിലാണ് മുഹമ്മദ് ഷാമില്‍ രണ്ടാമതൊരു കാശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങുന്നു എന്നറിയുന്നത്.
സഹ്ലയും, മശ്ഹൂര്‍ ഷാനും ഷാമിലിനോടൊപ്പം ഉള്ള കാശ്മീര്‍ യാത്രയ്ക്ക് ആഗ്രഹം അറിയിക്കുകയായിരുന്നു. ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ ഉപ്പ സക്കീര്‍ ഹുസൈനും എല്ലാവിധ പിന്തുണയും നല്‍കി. പുതിയ കാലത്ത് ആണ്കുട്ടികളെ പോലെ തന്നെ പെണ്കുട്ടികള്‍ക്കും സ്വാതന്ത്ര്യം കൊടുക്കണം. അവര്‍ക്ക് ധൈര്യവും, ആത്മവിശ്വാസവും ഉണ്ടെങ്കില്‍ അവര്‍ ആഗ്രഹം സഫലമാക്കണമെന്നും ഉപ്പ സക്കീര്‍ പറഞ്ഞു.
മധ്യപ്രദേശിലെ അമര്‍കന്ത് ഐ. ജി. എന്‍.ടി. യു കേന്ദ്ര സര്‍വകലാശാലയിലെ ജേണലിസം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ് സഹ്ല. കോവിഡ് കാലത്ത് സര്‍വകലാശാല കാണാന്‍ കഴിയാത്ത സങ്കടവും ഈ യാത്രയില്‍ തീര്‍ക്കണമെന്നാണ് സഹ്ല വിചാരിക്കുന്നത്. യാത്രക്കിടയില്‍ പറ്റിയാല്‍ യൂണിവേഴ്‌സിറ്റിവരെ ഒന്ന് പോവും.
മുഹമ്മദ് ഷാമില്‍ ഏറനാട് പെടല്ലെയ്സ് എന്ന സൈക്കിള്‍ കൂട്ടായ്മയുടെ സെക്രട്ടറിയാണ്. ഒരുപാട് കാലമായി രണ്ടാമതൊരു കാശ്മീര്‍ യാത്രയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ തുടങ്ങിയിട്ട്. കോവിഡ് കാരണം പലപ്പോയായി യാത്രകള്‍ മാറ്റിവെക്കുകയായിരുന്നു.
5 വര്‍ഷമായി സൈക്കിളില്‍ ഒരുപാട് യാത്രകള്‍ ഷാമില്‍ നടത്തി കഴിഞ്ഞു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷനുമാണ് മുഹമ്മദ് ഷാമില്‍.
മശ്ഹൂര്‍ ഷാന്‍ അരീക്കോട് ഐ. ടി. എ യിലെ താല്‍ക്കാലിക അധ്യാപകനായിരുന്നു.