28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയയ്ക്കു നീതി.

തിരുവനന്തപുരം/ നീണ്ട 28 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം സിസ്റ്റർ അഭയയ്ക്കു നീതി. ഇന്ന് രാവിലെയാണ് നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത് . കേസിൽ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി പറഞ്ഞു. ഇവരുടെ ശിക്ഷ വിധി നാളെയുണ്ടാകും.

കേസുമായി ബന്ധപ്പെട്ടു ഫാ തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റവും അതിക്രമിച്ച് കടക്കലും തെളിഞ്ഞതായി കോടതി പറഞ്ഞു. സിസ്റ്റർ സെഫിക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. വിധി കേട്ട് കോടതി മുറിയിലുണ്ടായിരുന്ന പ്രതികൾ പൊട്ടിക്കരയുകയാണുണ്ടായത്. ജുഡീഷ്യൽ കസ്റ്റഡിക്കായി പ്രതികളെ പൊലീസിന് കൈമാറും. നാളെ ജയിലിൽ നിന്ന് കോടതിയിൽ ഇവരെ എത്തിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക എന്നാണ് വിവരം .കോടതിക്കും ദൈവത്തിനും അഭയയുടെ കുടുംബം നന്ദി പറഞ്ഞു. സത്യത്തിന്റെ ജയമെന്നു മുൻ സി ബി ഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ് പറയുകയുണ്ടായി. കോട്ടയത്തെ സഭാ ആസ്ഥാനത്തു പോലീസ് കനത്ത സുരക്ഷാ ഒരുക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് സഭ നേതൃത്വം പറഞ്ഞു.