മത്തായിയുടെ മരണത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് വന്നതിനു പിറകെയാണ് നടപടി. വനം വകുപ്പിന് മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജൂലൈ 28 ന് മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ്. മരണവുമായി ബന്ധപ്പെടുത്തി ജി ഡി രജിസ്റ്ററിൽ കേസിൽ കൃതൃമം കാട്ടാനും ശ്രമം ഉണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നെങ്കിലും, അതും പൂർണ്ണമായിട്ടില്ല.
ചൊവ്വാഴ്ച വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് നൽകിയ വിശദീകരണം. കിണറ്റിലേക്ക് ചാടിയ മത്തായിയെ അവിടെ ഉപേക്ഷിച്ചിട്ട് വനംവകുപ്പുകാർ മടങ്ങിയോ എന്നതായിരുന്നു ഉത്തരം കിട്ടാതിരുന്ന ചോദ്യം. കേസിന്റെ കാര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുള്ള മൊഴികൾ എല്ലാം തന്നെ സംശയം ഉണ്ടാകുന്നതാണ്. വനം വകുപ്പിന്റെ വാദങ്ങൾ ശരിവയ്ക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആക്ഷേപം ഉണ്ടായിട്ടുണ്ട്. മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിൻറെ ലക്ഷണങ്ങളില്ല എന്നുള്ള റിപ്പോർട്ടിലാണ് ദുരൂഹത ഉണ്ടായിരിക്കുന്നത്. തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുള്ള മൃതദേഹത്തിന്റെ മൂക്കിൽ നിന്ന് രക്തം വാർന്നതിന്റെ ലക്ഷണങ്ങളും ഉള്ളപ്പോഴാണ് മുങ്ങിമരണമെന്ന റിപ്പോർട്ട് ഉണ്ടായത്. മത്തായി കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാണ് തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമെന്നു വിശ്വസിക്കാൻ ബന്ധുക്കൾ തയ്യാറാകുന്നില്ല. മത്തായിയുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്.