ഗുസ്‌തി മുൻ ജൂനിയർ ദേശീയ താരത്തിന്റെ കൊലപാതകം; ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ അന്വേഷണം
ന്യൂ ഡെൽഹി: ഗുസ്‌തി മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ പൊലീസ് അന്വേഷണം. സുശീൽ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സുശീലിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ അവിടെയുണ്ടായിരുന്നില്ല.
ഗുസ്‌തി താരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് ഡെൽഹി ഛത്രസാൽ സ്‌റ്റേഡിയം കോംപ്ളക്‌സിനുളളിൽ വച്ച് സാഗർ കുമാർ കൊല്ലപ്പെട്ടതെന്നും ഇയാളുടെ ഒരു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു. സാഗറിനൊപ്പം അജയ്, പ്രിൻസ്, സോനു,സാഗർ, അമിത് എന്നിവരും മറ്റു കുറച്ചുപേരുമായി സ്‌റ്റേഡിയത്തിലെ പാർക്കിംഗ് ഭാഗത്താണ് തർക്കമുണ്ടായത്.
സംഭവസ്ഥലത്ത് നിന്നും കുറച്ച് തടികളും ഒരു ഡബിൾ ബാരൽ തോക്കും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇന്ത്യയ്‌ക്കുവേണ്ടി രണ്ട് തവണ ഗുസ്‌തിയിൽ മെഡൽ നേടിയ താരമാണ് സുശീൽകുമാർ.