പ്രോസിക്യൂട്ടര്‍ക്ക് വധഭീഷണി: കോടതി വളപ്പില്‍ പ്രതികളുടെ ഗുണ്ടാവിളയാട്ടം
ആലപ്പുഴ: കോടതി വളപ്പില്‍ പ്രോസിക്യൂട്ടര്‍ക്ക് ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധഭീഷണി. കൈനകരി ജയേഷ് വധക്കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. കോടതി വളപ്പില്‍ എത്തിയ പ്രതികളുടെ കൂട്ടാളികളായ ഗുണ്ടകളെ പോലീസ് വിരട്ടിയോടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികള്‍ പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതികളുടെ കൂട്ടാളികളും കോടതിയില്‍ എത്തി. കോടതിവളപ്പില്‍ ഭീഷണി ഉയര്‍ത്തിയ ഇവരെ പോലീസ് വിരട്ടിയോടിക്കുകയാണ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ കൈനകരി ജയേഷ് എന്ന യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലാണ് ആലപ്പുഴ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതി സാജന്‍, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവര്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
കേസില്‍ ഒമ്പത്, 10 പ്രതികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു. കൈനകരി പഞ്ചായത്ത് 11ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2014 മാര്‍ച്ച് 28ന് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടേയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.